ന്യൂയോർക്ക്: കൊറോണ വൈറസിനെ പിടിച്ചുകെട്ടാനാകാതെ അമേരിക്ക. മരണസംഖ്യ കുത്തനെ ഉയരുന്നതോടുകൂടി പുതിയ 85 ശീതികരിച്ച ട്രക്കുകൾ കൂടി ന്യൂയോർക്ക് സിറ്റിയിൽ എത്തിക്കും. ആശുപത്രികൾക്ക് പുറത്തും ശീതീകരിച്ച ട്രക്കുകളിലാണ് ഇപ്പോൾ മൃതദേഹങ്ങൾ പ്ലാസ്റ്റിക് ബാഗുകളിലാക്കി സൂക്ഷിച്ചിരിക്കുന്നത്.
മോർച്ചറികൾ നിറഞ്ഞ് കവിഞ്ഞതോടെയാണ് നീക്കം. 2,473 പേരാണ് കൊവിഡ് ബാധിച്ച് ന്യൂയോർക്കിൽ മരിച്ചത്. മരണ സംഖ്യ ദിനംപ്രതി വർദ്ധിച്ചു വരികയാണ്. സെമിത്തേരികളിലും ശ്മശാനങ്ങൾക്കും പുറത്ത് മൃതദേഹങ്ങൾ സംസ്കരിക്കേണ്ട സംവിധാനം കണ്ടെത്തേണ്ട സ്ഥിതിയിലാണ് അധികൃതർ ഇപ്പോൾ. ദിവസം 60 വരെ മൃതദേഹങ്ങൾ സംസ്കരിച്ച ശ്മശാനങ്ങളിൽ ഇപ്പോൾ 200 ഓളം സംസ്കാരങ്ങളാണ് നടത്തുന്നത്. പല ശ്മശാനങ്ങളിലേക്കും മൃതദേഹങ്ങൾ സൂക്ഷിക്കാൻ ശീതീകരിച്ച ട്രക്കുകളുടെ ആവശ്യമുണ്ട്. അമേരിക്കയിൽ ആകെ കൊവിഡ് മരണ സംഖ്യ 7,406 ആയി. 278,458 പേർക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചു. 1,500 ലേറെ മരണങ്ങളാണ് 24 മണിക്കൂറിനിടെ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.