തിരുവനന്തപുരം: ഇന്ന് രാത്രി 9ന് ഒൻപത് മിനിട്ട് ലൈറ്റുകൾ ഓഫ് ചെയ്യുമ്പോൾ വൈദ്യുതി വിതരണത്തിൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ കെ.എസ്.ഇ.ബി സ്വീകരിച്ചു. ഒരേസമയം എല്ലാവരും ലൈറ്റണയ്ക്കുമ്പോൾ പവർ ഗ്രിഡിന്റെ സന്തുലനത്തെ ബാധിക്കുമോയെന്നാണ് ആശങ്ക. എന്നാൽ, എല്ലാവരും വീടുകളിലെ മെയിൻ സ്വിച്ച് ഓഫ് ചെയ്താലേ വൈദ്യുതി വിതരണം ആകെ തകരാറിലാകൂ. കേരളത്തിൽ അങ്ങനെ സംഭവിക്കില്ലെന്ന കണക്കുകൂട്ടലിലാണ് കെ.എസ്.ഇ.ബി.
വൈദ്യുതി ഉപഭോഗത്തിലെ ഏറ്റക്കുറച്ചിൽ അനുസരിച്ച് വിതരണത്തിൽ നിയന്ത്രണം വരുത്താൻ എറണാകുളത്തെ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിന് വൈദ്യുതി ബോർഡ് നിർദേശം നൽകി. ബംഗളൂരുവിലെ സെന്റർ ലോഡ് ഡെസ്പാച്ച് സെന്ററുമായി ബന്ധപ്പെട്ട് ഇവർ പ്രവർത്തിക്കും.
ലൈറ്റുകൾ ഒന്നിച്ച് ഓഫ് ചെയ്താൽ 350-400 മെഗാവാട്ട് കുറയുമെന്നാണ് വിലയിരുത്തൽ. 9ന് മുമ്പ് രണ്ട് ജനറേറ്ററുകൾ നിറുത്തി ലോഡ് കുറയ്ക്കും. ലൈറ്റ് വീണ്ടും ഓണാക്കുന്നതിനു മുമ്പ് ഫീഡറുകൾ നിറുത്തി ഉപയോഗം കുറയ്ക്കും.