തിരുവനന്തപുരം: തെരുവിൽ അലയുന്ന മിണ്ടാപ്രാണികൾക്കും കമ്മ്യൂണിറ്റി കിച്ചണൊരുക്കി പീപ്പിൾ ഫോർ ആനിമൽ കൂട്ടായ്‌മ. ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളുമൊക്കെ പ്രവർത്തിക്കാതായതോടെ തെരുവ് നായ്‌ക്കളും പക്ഷികളും പട്ടിണിയിലായപ്പോഴാണ് മൃഗസംരക്ഷകർ മുന്നിട്ടിറങ്ങിയത്. ശാസ്‌തമംഗലത്താണ് മൃഗങ്ങൾക്കുവേണ്ടിയുള്ള കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നത്. ചോറും നഗരത്തിലെ ഇറച്ചിക്കടകളിൽ നിന്ന് ശേഖരിക്കുന്ന ചിക്കൻ അവശിഷ്ടങ്ങളുമാണ് പീപ്പിൾ ഫോർ ആനിമൽസിന്റെ വോളന്റിയർമാർ പൊലീസിന്റെ അനുമതിയോടെ വഴിയോരങ്ങളിൽ വിതരണം ചെയ്യുന്നത്. ഡോഗ് ഫുഡ്, ബിസ്‌കറ്റ്, പാൽ എന്നിവയും ഇതോടൊപ്പം നൽകുന്നുണ്ട്. നഗരത്തിലെ സ്ഥലങ്ങൾ കൂടാതെ കരകുളം, നെടുമങ്ങാട്, ബാലരാമപുരം, നെയ്യാറ്റിൻകര, കളിയിക്കാവിള എന്നിവിടങ്ങളിലും വോളന്റിയർമാരെത്തും. 25 പേരാണ് ഉദ്യമത്തിൽ പങ്കാളികളാകുന്നത്. പദ്ധതി മുന്നോട്ടുപോകണമെങ്കിൽ കൂടുതൽ പേ‌രുടെ സഹായം ആവശ്യമുണ്ടെന്ന് വോളന്റിയറായ ശ്രീദേവി പറഞ്ഞു. തെരുവ് നായ്‌ക്കൾക്കും പക്ഷികൾക്കും വെള്ളം നൽകാൻ പഴയ മൺചട്ടികളും പൂച്ചെട്ടികളും നൽകാമെന്നും ശ്രീദേവി പറഞ്ഞു.