coronavirus

തിരുവനന്തപുരം : ലോകത്തെ ഭീതിയുടെ മുൾമുനയിലാക്കിയ കൊവിഡ് 19 കേരളത്തിലും ശക്തമായ സാന്നിദ്ധ്യമാണെങ്കിലും നിലവിൽ അൽപം ആശ്വസിക്കാം. ആരോഗ്യ സംവിധാനത്തിന്റെ കെട്ടുറപ്പിൽ വൈറസിന്റെ വ്യാപനത്തെ ശക്തമായി ചെറുക്കാൻ സാധിച്ചെന്ന് ഏപ്രിൽ ആദ്യദിവസങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നതായി ആരോഗ്യവകുപ്പ് പറയുന്നു. എന്നാൽ സാംകമിക രോഗശാസ്‌ത്രത്തിന്റെ ( എപ്പിഡെമിയോളജി ) അടിസ്ഥാനത്തിൽ കൊവിഡിനെ വിലയിരുത്തുന്നവർ മേയ് ആദ്യവാരം വരെ നിർണമായകമാണെന്ന നിഗമനത്തിലാണ്. വൈറസിന്റെ ഇതുവരെയുള്ള സ്വഭാവം പകർച്ച എന്നിവയുടെ അടിസ്ഥാനത്തിലാണിത്.
ഇപ്പോഴും കൊവിഡ് വ്യാപനം രണ്ടാം ഘട്ടത്തിലാണെന്നതാണ് ഏറെ ആശ്വാസം. പാളിച്ചകൾ സംഭവിച്ചിരുന്നെങ്കിൽ കൊവിഡ് ഇതിനകം സമൂഹവ്യാപനമെന്ന മൂന്നാംഘട്ടത്തിലേക്ക് കടക്കുമായിരുന്നു. ലോക്ഡൗൺ ഉൾപ്പെടെ സംസ്ഥാനത്തിന് ഏറെ ഗുണകരമായി. വിദേശത്തുനിന്നും കൊറോണ ബാധിത മേഖലകളിൽ നിന്നും മാത്രമല്ല അയൽ ജില്ലകളിൽ നിന്നും എത്തിയവരെ പോലും നിരീക്ഷണത്തിലാക്കാൻ സാധിച്ചു. പോത്തൻകോട് സംഭവം ഒഴിച്ചാൽ മറ്റെല്ലാവർക്കും രോഗം എവിടെ നിന്നു പകർന്നുവെന്ന് വ്യക്തമായി കണ്ടെത്തി. ഉറവിടം കണ്ടെത്താത്ത പോത്തൻകോട്ട് അതിനാൽ ഒരു സമൂഹവ്യാപനത്തെയാണ് പ്രതീക്ഷിച്ചത്. എന്നാൽ അവിടെയും വിപുലമായ പ്രവർത്തനങ്ങളിലൂടെ രോഗിയുമായി ഇടപഴകിയവരിൽ ഭൂരിഭാഗം ആളുകളെയും നിരീക്ഷണത്തിലാക്കാൻ കഴിഞ്ഞു. ഇയാളുടെ വീട്ടുകാരുടെ ആദ്യപരിശോധനാ ഫലങ്ങൾ നെഗറ്റീവാണെന്നത് ശുഭപ്രതീക്ഷയാണ് നൽകുന്നത്. വൈറസ് വ്യാപകമായ കാസർകോടും സാഹചര്യം നിയന്ത്രിക്കാൻ സാധിച്ചു. ഇതാണ് നിലവിലെ ആശ്വാസം.

ലോക്ഡൗണിന് ശേഷം എന്ത്?

ലോക്ഡൗൺ 14ന് അവസാനിച്ചാൽ അതിർത്തികൾ തുറക്കുന്നതോടെ കേരളത്തിലേക്ക് എത്താനാവാതെ പലസ്ഥലങ്ങളിലായി കഴിയുന്നവർ എത്തിത്തുടങ്ങും. ഇവരുടെ പൂർണ ചുമതല സർക്കാർ ഏറ്റെടുക്കണം. എത്തുന്നവർ മറ്റുള്ളവരുമായി ഇടപഴകാതെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റണം. ഇതിൽ വീഴ്ചയുണ്ടായാൽ നിലവിലെ സാഹചര്യം തകിടംമറിയും. ഇനി രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചാൽ മൂന്നാംഘട്ടത്തിലേക്ക് സംസ്ഥാനം കടന്നതായി കണക്കാക്കേണ്ടിവരുമെന്നും ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.