തിരുവനന്തപുരം: മധുരയിൽ നിന്ന് പാളത്തിലൂടെ നടന്നുവന്നയാളെ റെയിൽവേ സംരക്ഷണസേന പിടികൂടി. എരുമേലി കനകപാളയം കുന്നിൽ ഹൗസിൽ പ്രസാദിനെയാണ് (68) തമ്പാനൂർ റെയിൽവേ സ്റ്റേഷനു സമീപത്തുവച്ച് പിടികൂടിയത്. ഇയാളെ ആരോഗ്യവകുപ്പിനു കൈമാറി. രാമേശ്വരം ക്ഷേത്രത്തിൽ നിന്നു മടങ്ങിവരികയായിരുന്നു താനെന്ന് ഇയാൾ പറഞ്ഞു. 14ന് മാനാമധുരയിൽ നിന്നാണ് ഇയാൾ റെയിൽവേ ട്രാക്കിലൂടെ യാത്ര ആരംഭിച്ചത്. രാത്രിയിൽ സമീപത്തുള്ള ക്ഷേത്രങ്ങളിലും മറ്റും തങ്ങിയും പാളത്തിനരികിലെ വീടുകളിൽ നിന്നു ലഭിച്ച ഭക്ഷണം കഴിച്ചുമായിരുന്നു യാത്ര. തിരുവനന്തപുരത്തുനിന്നു കോട്ടയം ഭാഗത്തേക്കു നടന്ന് തുടങ്ങിയപ്പോഴാണ് സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഓഫീസർ എം.ടി. ജോസഫ് ഇയാളെ ശ്രദ്ധിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കുന്നതിനാൽ ആർ.പി.എഫ് ആരോഗ്യവകുപ്പിന്റെ സഹായം തേടുകയായിരുന്നു. ഇയാളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.