കോവളം: വിഴിഞ്ഞത്ത് മൂന്നുദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം ചൊവ്വര മലങ്കര ചർച്ചിന് സമീപമാണ് ഇന്നലെ വൈകിട്ട് പെൺകുഞ്ഞിനെ കണ്ടെത്തിയത്. പള്ളിക്കടുത്തു കൂടി സഞ്ചരിച്ച അമ്മയും മകനുമാണ് കുഞ്ഞിനെ ആദ്യം കണ്ടത്. തുടർന്ന് വിവരം പ്രദേശവാസികളെ അറിയിക്കുകയായിരുന്നു. വിഴിഞ്ഞം പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും ചേർന്ന് ആദ്യം കുഞ്ഞിനെ വിഴിഞ്ഞം സി.എച്ച്.സിയിലും തുടർന്ന് നഗരത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലുമെത്തിച്ച് പരിശോധന നടത്തി. വൈകിട്ടോടെ സംസ്ഥാന ശിശുക്ഷേമ സമിതിയിലെത്തിച്ച കുഞ്ഞിനെ സമിതി ട്രഷറർ ആർ. രാജുവും നഴ്സുമാരും ചേർന്ന് ഏറ്റുവാങ്ങി. തുടർ പരിശോധനകൾക്കായി തൈക്കാട് കുട്ടികളുടെ ആശുപത്രിയിലെത്തിയ കുഞ്ഞ് ഇപ്പോൾ സമിതി ദത്തെടുക്കൽ കേന്ദ്രത്തിന്റെ പ്രത്യേക ഐസോലേഷൻ മുറിയിൽ പരിചരണത്തിലാണ്. ജനറൽ സെക്രട്ടറി ഷിജുഖാന്റെ നിർദ്ദേശപ്രകാരം കുഞ്ഞിന് പ്രതീക്ഷ എന്ന് പേരിട്ടു.