k-surendran

തിരുവനന്തപുരം: കൊവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായി നീങ്ങുമ്പോൾ കേരളത്തിൽ യു.ഡി.എഫ് നേതാക്കൾ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. രോഗപ്രതിരോധത്തിന് സർക്കാരുകൾ സ്വീകരിക്കുന്ന നടപടികളെ ജനങ്ങളാകെ അംഗീകരിച്ചിരിക്കുകയാണ്. എന്നാൽ യു.ഡി.എഫ് നേതാക്കൾ രാഷ്ട്രീയ തിമിരം ബാധിച്ച് എന്തിനെയും ഏതിനെയും എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളിൽ ആത്മവിശ്വാസം വളർത്താനും രാജ്യം ഒറ്റക്കെട്ടാണെന്ന ബോധം ഉറപ്പാക്കാനുമാണ് ഇത്തരം പ്രവർത്തനങ്ങൾ. സംസ്ഥാന സർക്കാർ ഉൾപ്പെടെ ഇത് നടപ്പിലാക്കാൻ തയ്യാറെടുക്കുമ്പോഴാണ് കേരളത്തിലെ യു.ഡി.എഫ് നേതാക്കൾ അവഹേളനവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ പൊതു താത്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടാണവർ സ്വീകരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം എല്ലാവരും ഇന്ന് രാത്രി 9 ന് ദീപങ്ങൾ തെളിച്ച് രോഗ വ്യാപനത്തിനെതിരായ പോരാട്ടത്തിന് പിന്തുണ നൽകണമെന്നും സുരേന്ദ്രൻ പറഞ്ഞു.