തിരുവനന്തപുരം: കൊവിഡ് 19നെ നേരിടുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എം.എൽ.എമാരുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിംഗിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്.
കൊവിഡ് വ്യാപന ഭീതിയും ലോക്ക് ഡൗണും തീരത്തെ വറുതിയിലാക്കിയ
സാഹചര്യത്തിൽ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര സാമ്പത്തിക പാക്കേജ് വേണം. കടലോരമേഖലകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ടാങ്കർലോറികൾ വഴി വെള്ളം എത്തിക്കണം. കയർ, കശുഅണ്ടി, ഖാദി, കൈത്തറി തൊഴിലാളികൾക്കും പ്രത്യേക സാമ്പത്തിക പാക്കേജ് വേണം.
റാപ്പിഡ് ടെസ്റ്റുകൾ ഊർജ്ജിതപ്പെടുത്തണം. സർക്കാർ നിബന്ധനകൾക്ക് വിധേയമായി സാമൂഹ്യ അകലം പാലിച്ച് സന്നദ്ധ സംഘടനകൾക്ക് കമ്യൂണിറ്റി കിച്ചനുകൾ സ്ഥാപിക്കാൻ അനുവാദം നൽകണം. ഡയാലിസിസ് രോഗികൾക്ക് 19 മാസമായി മുടങ്ങിക്കിടക്കുന്ന സാമൂഹ്യ സുരക്ഷാമിഷൻ വഴിയുള്ള പ്രതിമാസ പെൻഷൻ ഉടൻ നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.