rice-smuggling

തിരുവനന്തപുരം: ഈ മാസം 20 മുതൽ മുൻഗണനാ റേഷൻ കാർഡിൽ (മഞ്ഞ, പിങ്ക് നിറം)​ ആളൊന്നിന് അഞ്ച് കിലോ അരിയും കാർഡൊന്നിന് ഒരു കിലോ പയറും സൗജന്യമായി ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സൗജന്യമാണിത്.

ഈ വിഹിതം മേയ്, ജൂൺ മാസങ്ങളിലും ലഭിക്കും. സംസ്ഥാന വിഹിതത്തിന് പുറമേയാണ് അന്ത്യോന്തയ, മുൻഗണനാ വിഭാഗങ്ങൾക്ക് ആളൊന്നിന് അഞ്ച് കിലോ അരി ലഭിക്കുക. അതേസമയം നീല, വെള്ള കാർഡുകാർക്ക് (മുൻഗണനേതര വിഭാഗം)​ കേന്ദ്രവഹിതം ഉണ്ടാകില്ല. ഇവർക്ക് ഈ മാസം 30വരെ 15 കിലോ അരി സൗജന്യമായി ലഭിക്കും.

87.28 ലക്ഷം കാർഡുകളിൽ 55.44 ലക്ഷവും സൗജന്യ റേഷൻ കൈപ്പറ്റി. 89734 മെട്രിക് ടൺ അരിയും 1012 മെട്രിക് ടൺ ഗോതമ്പുമാണ് ഇന്നലെ വരെ വിതരണം ചെയ്തത്. കമ്മ്യൂണിറ്റി കിച്ചണുകൾക്ക് 91 മെട്രിക് ടൺ അരി നൽകി. ഞായറാഴ്ചയും റേഷൻ കട തുറക്കും.

സ്റ്റോക്ക് തീരുന്ന മുറയ്ക്ക് സാധനമെത്തിക്കാൻ ഗോഡൗൺ തൊഴിലാളികളടക്കം അഹോരാത്രം പ്രയത്നിക്കുന്നുണ്ട്. കൃത്യ അളവിൽ സൗജന്യ റേഷൻ നൽകാത്ത കടക്കൾക്കെതിരെ നടപടിയെടുത്തു. ലീഗൽ മെട്രോളജിയുടെ പരിശോധന നടന്നുവരികയാണ്. വാതിൽപ്പടി വിതരണം നടത്തുമ്പോൾ ഭക്ഷ്യധാന്യങ്ങൾ കരാറുകാർ കടയുടമയെ തൂക്കി ബോദ്ധ്യപ്പെടുത്തണം.

അന്യസംസ്ഥാന തൊഴിലാളികൾക്ക് ഒരാൾക്ക് പരമാവധി അഞ്ച് കിലോ അരി അല്ലെങ്കിൽ നാല് കിലോ ആട്ട നൽകും. ഭക്ഷ്യകിറ്റ് വിതരണത്തിന് നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.