തിരുവനന്തപുരം:നഗരസഭയുടെ 25 സർക്കിളുകളിലായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകൾ വഴി ഇന്നലെ 83,567 ഭക്ഷണപൊതികൾ വിതരണം ചെയ്തു. 27,951 പേർക്ക് പ്രഭാതഭക്ഷണവും 28,089 പേർക്ക് ഉച്ചഭക്ഷണവും 27,523 പേരാണ് രാത്രിഭക്ഷണവും നൽകി.എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും പച്ചക്കറികളും സംഭാവന ചെയ്തു.മേയർ കെ.ശ്രീകുമാർ ഏറ്റുവാങ്ങി.താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.സംഗീത് കുമാർ,വൈസ് പ്രസിഡന്റ് എം.വിനോദ് കുമാർ,സെക്രട്ടറി വിജു.വി.നായർ,ബോർഡ് മെമ്പർ എം.കാർത്തികേയൻ എന്നിവർ ചേർന്നാണ് കൈമാറിയത്.

സതേൺ നേവൽ കമാന്റിന്റെ 5 ചാക്ക് അരി ക്യാപ്റ്റൻ എസ്.എസ്.സനൂജ് കൈമാറി.ചാക്ക കെ.എസ്.ഇ.ബി ബ്രദേഴ്സ് 5 ചാക്ക് അരി സംഭാവന നൽകി.ദൂരദർശൻ,തിരുമല പെൻഷണേഴ്സ് യൂണിയൻ,മോഹൻലാൽ ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷനും തുടങ്ങിയവരും സഹായം നൽകി.സഹായിക്കാൻ സന്നദ്ധരായവരിൽ നിന്ന് നഗരസഭയുടെ വോളന്റിയർമാർ വന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ ശേഖരിക്കും.താത്പര്യമുള്ളവർ 8590036770 നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ്.