തിരുവനന്തപുരം: ഡൽഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ആസ്ഥാനം സന്ദർശിച്ച് കേരളത്തിൽ മടങ്ങിയെത്തിയ 199 പേരെ തിരിച്ചറിഞ്ഞു. ഇവരെല്ലാം വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലാണ്.
ഇവരെക്കൂടാതെ നിസാമുദ്ദീൻ സന്ദർശനത്തിന് ശേഷം കേരളത്തിലെത്താതെ വിവിധ സംസ്ഥാനങ്ങളിലായി 172 പേരുണ്ടെന്നും ഇന്റലിജൻസ് വിഭാഗം സ്ഥിരീകരിച്ചു. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരും സമ്മേളനത്തിൽ പങ്കെടുക്കാതെ നിസാമുദ്ദീൻ പ്രദേശത്ത് ഉണ്ടായിരുന്നവരുമായി ആകെ 371 മലയാളികളുടെ വിവരങ്ങളാണ് ഇതുവരെ സംസ്ഥാനത്തിന് ലഭിച്ചത്. കൂടുതൽ പേരുണ്ടോ എന്ന് പരിശോധിക്കുകയാണ്.
മിക്ക ജില്ലകളിൽ നിന്നുള്ളവരും തബ്‌ലീഗ് സമ്മേളനത്തിനും അല്ലാതെയും ഈ കാലയളവിൽ നിസാമുദ്ദീനിൽ പോയിട്ടുണ്ടെന്നാണ് വിവരം. കണ്ണൂരിൽ നിന്ന് മാത്രം 12 പേർ സമ്മേളനത്തിൽ പങ്കെടുത്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സമയത്ത് നിസാമുദ്ദീനിൽ ഉണ്ടായിരിക്കുകയും എന്നാൽ സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കുകയും ചെയ്ത 12 പേരും നിരീക്ഷണത്തിലുണ്ട്. കോഴിക്കോട്ട് നിന്ന് 21 പേർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇവർ നിരീക്ഷണത്തിലാണ്. ആലപ്പുഴയിൽ നിന്ന് 12 പേരും മലപ്പുറത്തുനിന്നുള്ള 12 പേരും സമ്മേളനത്തിന് തൊട്ടുമുമ്പ് മർക്കസ് മസ്ജിദ് സന്ദർശിച്ചിരുന്നതായും പൊലീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. കണ്ടെത്തിയവരെല്ലാം വീടുകളിലോ ആശുപത്രികളിലോ നിരീക്ഷണത്തിലാണ്. ഇവരുടെയെല്ലാം വിവരങ്ങൾ ആരോഗ്യവകുപ്പ് അധികൃതർക്കും ജില്ലാ ഭരണകൂടങ്ങൾക്കും കൈമാറിയിരുന്നു.