coronavirus
CORONAVIRUS

തിരുവനന്തപുരം : കൊവിഡ് 19 രോഗനിർണയത്തിനായി കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിച്ച പി.സി.ആർ.കിറ്റുകൾ ഉപയോഗിച്ചുള്ള റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മൂന്നര മണിക്കൂറിൽ ഫലം ലഭിക്കുന്ന ആർ.എൻ.എ അധിഷ്ഠിത സ്രവ പരിശോധനയാണ് നടക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശിയുടെ അയൽവാസികൾ, വിവിധ കോവിഡ് കെയർ സെന്ററുകളിൽ കഴിയുന്നവർ ഉൾപ്പെടെ 171 പേരുടെ സ്രവമാണ് തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനയ്ക്ക് അയച്ചത്.ഇത്രയും പേരുടെ ഒരുമിച്ച് നോക്കേണ്ടതിനാൽ ഇന്ന് ഉച്ചയോടെയേ ഫലം അറിയാനാകൂ.

പോത്തൻകോട് നിവാസികളായ 32 പേരുടെ സ്രവമാണ് ശേഖരിച്ചത്.

ഇവരെ പി.എം.ജിയിലുള്ള ഐ.എം.ജി കെയർ സെന്ററിൽ എത്തിച്ചാണ് സാമ്പിൾ ശേഖരിച്ചത്. മാർ ഇവാനിയോസ് കോളേജ് ഹോസ്റ്റലിലെ കെയർ സെന്ററിലുള്ള 100 പേരുടെയും വിമെൻസ് കോളേജ് ഹോസ്റ്റലിലെ കെയർ സെന്ററിലുള്ള 30 പേരുടെയും ഐ.എം.ജി കെയർ സെന്ററിലെ ഒമ്പതുപേരുടെയും സ്രവവും ശേഖരിച്ചു.

ശശി തരൂർ എം പിയുടെ ഫണ്ട് വിനിയോഗിച്ച് വാങ്ങിയ 3000 ആർ.ടി.പി.സി.ആർ

കിറ്റുകളിൽ 1000 എണ്ണമാണ് കഴിഞ്ഞദിവസം എത്തിയത്. അവശേഷിക്കുന്ന 2000 കിറ്റുകൾ ഇന്നെത്തും.

സംസ്ഥാന സർക്കാർ ഓർഡർ ചെയ്ത റാപിഡ് ആന്റിബോഡി ടെസ്റ്റ് കിറ്റുകൾ ഒരാഴ്ചയ്ക്കുള്ളിൽ എത്തും. സിംഗപ്പൂരിൽനിന്ന് ഇവ പ്രത്യേക വിമാനത്തിൽ എത്തിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.