പൂവാർ: ലോക്ക് ഡൗണിൽ വിരസതയകറ്റാൻ, പാഠം പഠിക്കാൻ മനസ്സുണ്ടെങ്കിൽ വീട്ടിലൊരുക്കാം നമുക്കൊരു കൃഷിപാഠം. ഇത് പ്രാവർത്തികമാക്കായിരിക്കുകയാണ് പൂവാർ ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അബിൻ ആന്റോയും സ്റ്റെഫിനും.10ലും 11 ലും പഠിക്കുന്ന ഇവർ താമസിക്കുന്ന വാടക വീടിന്റെ സമീപത്തെ ഹൗസ് ഓണറുടെ ടെറസ്റ്റിലും പുരയിടത്തിലുമാണ് കൃഷിപാഠം പ്രാവർത്തികമാക്കിയത്. ലോക്ക് ഡൗണിലെ വിരസതയകറ്റാൻ ഇരുവരും ഹൗസോണറോടൊപ്പം കൂടിയത്. കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജരാണ് ഈ ഹൗസോണർ. കുട്ടികളിലെ താല്പര്യം കണ്ടറിഞ്ഞതിനാൽ ഇരുവരെയും കൂടെ കൂട്ടി ടെറസ്സിലും താഴെ മണ്ണിലും പുതിയ വിത്തിനങ്ങൾ മുളപ്പിച്ച് കൃഷി തുടങ്ങി. വെണ്ട, വഴുതന, കത്തിരി, തക്കാളി, പയറുവർഗ്ഗങ്ങൾ, ചീര, തൊണ്ടൻ മുളക്, ഈക്കി മുളക് വാഴതൈകളും ഈ തോട്ടത്തിലുണ്ട്. വീടിന്റെ കോമ്പൗണ്ടിനുള്ളിൽ ചെറിയൊരു കുളവും അതിൽ വളർത്തു മീനും കൂടെയായപ്പോൾ കുട്ടികൾ ഹാപ്പിയാണ്. ഒരു വർഷം മുമ്പാണ് ഇവർ വാടകയ്ക്ക് എത്തിയത്. അച്ഛൻ ഛത്തീസ്ഘട്ടിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ്. ലോക്ക് ഡൗൺ കാരണം വീട്ടിൽ മടങ്ങിയെത്താൻ കഴിഞ്ഞില്ല. അമ്മയോടും കുഞ്ഞനുജത്തിയോടൊപ്പവുമാണ് ഇരുവരും താമസം.