തിരുവനന്തപുരം:നഗരത്തിൽ ലോക്ക് ഡൗൺ നിയന്ത്രണം പാലിക്കാത്ത 143 പേർക്കെതിരെ ഇന്നലെ കേസെടുത്തു. എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം 36 പേർക്കെതിരെയും അനാവശ്യ യാത്ര ചെയ്തതിന് 107 പേർക്കെതിരെയുമാണ് കേസെടുത്തത്. കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് തമ്പാനൂർ,വിഴിഞ്ഞം, ശ്രീകാര്യം സ്റ്റേഷനുകളിലാണ്. 139 വാഹനങ്ങൾ പിടിച്ചെടുത്തു.118 ഇരുചക്ര വാഹനങ്ങളും14 ആട്ടോറിക്ഷകളും7 കാറുകളുമാണ് പിടിച്ചെടുത്തത്.
'എപ്പിഡെമിക് ഡിസീസസ് നിയമ പ്രകാരം കേസെടുത്തതിൽ തമ്പാനൂർ സ്റ്റേഷനിൽ 12കേസുകൾ രജിസ്റ്റർ ചെയ്തു. വിഴിഞ്ഞത്ത് 10, പൂന്തുറയിൽ 8,പേരൂർക്കടയിൽ 3, കന്റോൺമെന്റിൽ 2,തിരുവല്ലത്ത് ഒന്നും കേസുകളാണ് രജിസ്റ്റർ ചെയ്തത്. വ്യായാമത്തിന്റെ പേരിൽ പുറത്തിറങ്ങുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് കമ്മിഷണർ അറിയിച്ചു. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ജനങ്ങളിലെത്തിക്കാൻ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് 100 റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുമായി സിറ്റി പൊലീസ് കമ്മിഷണർ വീഡിയോ കോൺഫറൻസ് നടത്തും. ജനമൈത്രി കമ്മ്യൂണിറ്റി റിലേഷൻ ഓഫീസർമാരും ജനമൈത്രി ബീറ്റ് ഓഫീസർമാരും മുഖേന ഭാരവാഹികളുടെ മൊബൈൽ ഫോണുകളിൽ സൂം ഫോർ ഇൻട്യൂൺ എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്താണ് വീഡിയോ കോൺഫറൻസ് നടത്തുന്നത്. റേഷൻ വിതരണത്തിന് ഇന്ന് 8, 9 നമ്പരുകളിൽ അവസാനിക്കുന്ന കാർഡുള്ളവർ മാത്രമേ റേഷൻ കടകളിൽ വരാൻ പാടുള്ളൂ. സിറ്റിയുടെ അതിർത്തി പൂർണമായും അടച്ചു കൊണ്ടുള്ള പരിശോധന തുടരുകയാണ്.
പൊലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.