border-

കാസർകോട്: തലപ്പാടി ദേശീയപാതയിലെ കേരള- കർണാടക അതിർത്തി തുറക്കില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് കർണാടകം. ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുണ്ടായിട്ടും കേരളത്തെ പൂട്ടിയിടാൻ തന്നെയാണ് കർണാടകയുടെ തീരുമാനം. അതിർത്തി തുറക്കില്ലെന്ന് ഇന്ന് ആവർത്തിച്ചത് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ തന്നെയാണ്. എച്ച്.ഡി ദേവഗൗഡ നൽകിയ കത്തിനുള്ള മറുപടിയിലാണ് യെദ്യൂരപ്പ ഇക്കാര്യം വ്യക്തമാക്കിയത്. അതിർത്തി തുറന്നാൽ കൊവിഡ് രോഗം വ്യാപിക്കുന്നത് തടയാൻ കർണാടക സ്വീകരിക്കുന്ന നടപടികൾ ഇല്ലാതാകും. കേരളത്തിൽ നിന്നും അതിർത്തി കടന്നു വരുന്നവർക്ക് രോഗം ഉണ്ടോയെന്ന് തിരിച്ചറിയാൻ കഴിയില്ല. അങ്ങനെ വരുന്നവരിൽ രോഗ ബാധ ഉണ്ടോ എന്ന് തിരിച്ചറിയുന്നതിനുള്ള സംവിധാനവും നിലവിൽ കർണാടകയിൽ ഇല്ല. അതിനാൽ കർണാടകയിലെ ജനങ്ങളുടെ പൂർണ സുരക്ഷിതത്വം കണക്കിലെടുത്താണ് അതിർത്തി അടച്ചിടുന്നത് എന്നും കർണാടക മുഖ്യമന്ത്രി പറയുന്നു.

ഇതോടെ അതിർത്തി തുറന്ന് വടക്കൻ കേരളത്തിൽ നിന്നുള്ള രോഗികൾക്ക് മംഗളൂരുവിൽ വിദഗ്ധ ചികിത്സ ലഭിച്ചേക്കും എന്ന പ്രതീക്ഷ നഷ്ടമാവുകയാണ്. ചികിത്സക്കായി വരുന്ന രോഗികൾക്കായി അതിർത്തി തുറന്നു കൊടുക്കണമെന്ന് സുപ്രീംകോടതി കർണാടക സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കേരള ഹൈക്കോടതിയും ഇതേ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, കോടതിവിധികൾ പൂർണമായി തള്ളുന്ന നിലപാടാണ് കർണാടക സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്.

കേരളവുമായുള്ള അതിർത്തികൾ തുറക്കാൻ കർണാടകത്തോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ സുപ്രീം കോടതിയിൽ നൽകിയ ഹർജിയും കർണാടകയുടെ അപ്പീൽ ഹർജിയും വീഡിയോ കോൺഫറൻസിലൂടെയാണ് സുപ്രീം കോടതി വാദം കേട്ടത് . അതിർത്തി പൂർണമായും അടക്കാനുള്ള തീരുമാനം സ്റ്റേ ചെയ്യണമെന്നാണ് എം.പി ഹർജിയിൽ ആവശ്യപ്പെട്ടത്. തലപ്പാടി ചെക്ക് പോസ്റ്റ് ഉൾപ്പെടെയുള്ള അതിർത്തി റോഡുകൾ അടച്ചുപൂട്ടിയ കർണാടക സർക്കാറിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും സഞ്ചാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും എം.പി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കർണാടക അതിർത്തികൾ മണ്ണിട്ട് അടച്ചതോടെ കാസർകോട്ടെ അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെട്ടിരുന്നു. മംഗളൂരുവിലേക്ക് പോയ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് ഏഴ് ജീവനുകളാണ് കർണാടകയുടെ ക്രൂരനടപടിയിൽ പൊലിഞ്ഞത്.