വാഷിംഗ്ടൺ: ഇറ്റലിക്കും സ്പെയിനിനും ശേഷം കൊവിഡ് മരണനിരക്ക് കുതിച്ചുയരുന്നത് അമേരിക്കയിലും ബ്രിട്ടനിലുമാണ്. ഇവിടെ ഇനിയും കൂട്ടമരണങ്ങൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അമേരിക്കയിൽ 8452 പേരാണ് മരിച്ചത്. ഇതിൽ 3500ലേറെ മരണം ഏറ്റവും സമ്പന്നമായ ന്യൂയോർക്ക് സംസ്ഥാനത്താണ്. 24 മണിക്കൂറിനുള്ളിൽ 500ലേറെ മരണമാണ് ബ്രിട്ടനിൽ ഉണ്ടായത്. ആകെ മരണം 4313. പ്രധാനമന്ത്രി ബോറിസ് ജോൺസണ് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ബ്രിട്ടനിൽ പരിശോധനകൾ വ്യാപമാക്കിയിട്ടുണ്ട്. ഇതോടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവാണ്. ഓരോ ദിവസവും ആയിരക്കണക്കിനുപേർക്കാണ് പുതുതായി രോഗം കണ്ടെത്തുന്നത്. 41,903 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ബ്രിട്ടനിലും യു.എസിലും വരുന്നത് ഭീകര ദിനങ്ങളായിരുക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന നിർദേശം കർശനമാക്കി. രാജ്യത്ത് ഇനി കടുത്ത ദിനങ്ങളാണ് വരുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ബ്രിട്ടനിൽ മരണനിരക്ക് ഉയരുന്നത് തുടരുമെന്ന ദു:ഖകരമായ കാര്യമാണ് ഇപ്പോൾ പറയാനാവുകയെന്ന് ഇംഗ്ലീഷ് ഹെൽത്ത് സർവീസ് ഡയറക്ടർ സ്റ്റീഫൻ പൊവിസ് പറഞ്ഞു.