fff

നെയ്യാറ്റിൻകര: ലോക്ക് ഡൗൺകാലത്ത് സാധാരണക്കാരയ ആളുകൾക്ക് ഭക്ഷണങ്ങളും മരുന്നും വീടുകളിൽ എത്തിച്ചുകൊടുക്കുമ്പോൾ കോവിഡ് പ്രതിരോധ സാധനങ്ങൾ വീടുകളിൽ എത്തിച്ച് വ്യത്യസ്തനാവുകയാണ് മഞ്ചത്തല സുരേഷും കുടുംബവും. നെയ്യാറ്റിൻകര ആലുംമൂട് സ്വദേശിയായ മഞ്ചത്തല സുരേഷ് കോവിഡ് പ്രതിരോധത്തിനുള്ള മാസ്ക്, ഹാൻഡ്‌വാഷ് എന്നിവയാണ് നെയ്യാറ്റിൻകര വിവിധ പ്രദേശങ്ങളിലെ വീടുകളിൽ എത്തിച്ച് വിതരണം ചെയ്യുന്നത്. ഒപ്പം ബോധവത്കരണവും നടത്തും. വ്യാപാരിയായ സുരേഷിന്റെ സമ്പാദ്യത്തിൽ നിന്നുമാണ് പ്രതിരോധ സാധനങ്ങൾ വാങ്ങി നൽകുന്നത്.

അവശ്യസാധനങ്ങൾ വാങ്ങുന്ന കൂട്ടത്തിൽ സാധാരണക്കാരൻ ഹാൻഡ് വാഷ് ഉൾപ്പെടെയുള്ള കൊറോണാ പ്രതിരോധം ഉൽപ്പന്നങ്ങൾ വാങ്ങാൻ മടിക്കുന്ന സാഹചര്യമാണ് കാണുന്നതെന്നും അതുകൊണ്ടാണ് ഇവ വാങ്ങി വീടുകളിൽ എത്തിച്ചു നൽകുന്നത് എന്നും സുരേഷ് പറയുന്നു. ഓരോ വീട്ടിലേക്കും നൽകേണ്ട പ്രതിരോധ സാധനങ്ങൾ വേർതിരിച്ച് മാറ്റുന്ന ജോലി സുരേഷിന്റെ ഭാര്യയും മകനും ഏറ്റെടുത്ത് ഈ പ്രതിരോധത്തിനെതിരെ അണിചേരുകയാണ്. ഇത്തരം പ്രവർത്തനത്തിന് കുടുംബം പൂർണ്ണ പിന്തുണയാണ് നൽകുന്നതെന്നും സുരേഷ് പറയുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻകര യൂണിറ്റ് പ്രസിഡന്റാണ് മഞ്ചത്തല സുരേഷ്.