ksrtc

തിരുവനന്തപുരം: ലോക്ക് ഡൗണിനു ശേഷവും കൊവിഡ് പൂർണമായി നിയന്ത്രണ വിധേയമാകും വരെ നഷ്ടം സഹിച്ചിട്ടാണെങ്കിലും കർശന നിയന്ത്രണങ്ങളോടെയായിരിക്കും കെ. എസ്. ആർ. ടി.​ സി സർവീസ് നടത്തുക. എന്നു മുതൽ സർവീസ് തുടങ്ങണമെന്ന് തീരുമാനിച്ചിട്ടില്ല.

ലോക്ക് ഡൗണായ ശേഷം ഡിപ്പോകളിൽ ഒതുക്കിയിട്ടിരിക്കുന്ന ബസുകളെല്ലാം കഴുകി വൃത്തിയാക്കിയിരുന്നു. എൻജിനും ബാറ്ററിയും കേടാകാതിരിക്കാൻ ഓരോ ഡിപ്പോയിലും രണ്ട് മെക്കാനിക്കൽ ജീവനക്കാരേയും ഡ്രൈവ‌ർമാരേയും നിയോഗിച്ചിട്ടുണ്ട്. ഇടയ്‌ക്കിടെ വണ്ടികൾ സ്റ്റാർട്ട് ചെയ്ത് അനക്കിയിടും.

ലോക്ക് ഡൗണിനു ശേഷം സർവീസ് തുടങ്ങും മുമ്പ് ബസുകളെല്ലാം അണു വിമുക്തമാക്കും. ഏറ്റവും കുറച്ച് ബസുകളേ സർവീസിന് ഇറക്കൂ. ജില്ലകൾ കടന്നുള്ള സ‌ർവീസ് ഉണ്ടാകില്ല. കൊവിഡ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ച കാസർകോട്,​ കണ്ണൂർ,​ പത്തനംതിട്ട,​ തിരുവനന്തപുരം,​ മലപ്പുറം,​ തൃശൂർ,​ എറണാകുളം ജില്ലകളിൽ ലോക്കൽ സർവീസുകൾ മാത്രം നടത്തും

 മാസ്‌ക് നിർബന്ധം

@മാസ്ക് ഇല്ലെങ്കിൽ യാത്ര അനുവദിക്കരുത് തുടങ്ങിയ മുൻകരുതൽ നി‌ർദ്ദേശങ്ങൾ പുറത്തിറക്കും.

@വാതിലുകളിൽ സാനിട്ടൈസർ ബോട്ടിലുകൾ ഘടിപ്പിക്കും.

@കെ.എസ്.ആർ.ടി.സിയുടെ ഡിൻസ്പെൻസറിയിൽ സാനിട്ടൈസർ നിർമ്മിക്കും. അല്ലെങ്കിൽ മെഡിക്കൽ കോർപ്പറേഷന്റെ സഹായം തേടും.

@ജീവനക്കാർക്ക് മാസ്കും ഗ്ലൗസും കോർപ്പറേഷൻ നൽകും.

@യാത്രാർക്കാർ മാസ്ക് ധരിച്ചെത്തി സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ ആണുവിമുക്തമാക്കി ടിക്കറ്റെടുത്ത് യാത്ര ചെയ്യാം.

@യാത്രക്കാരെ കുത്തി നിറച്ച് കൊണ്ടുപോകില്ല.

''വൈറസിനെ പ്രതിരോധിക്കാൻ സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കും. കൊവിഡിനു മുമ്പ് കെ.എസ്.ആർ.ടി.സി നഷ്ടം കുറച്ചു കൊണ്ടുവരികയായിരുന്നു. ഇപ്പോൾ എല്ലാം തകിടം മറിഞ്ഞു''

- എം.പി.ദിനേശൻ,​ എം.ഡി,​ കെ.എസ്.ആർ.ടി.സി