
ന്യൂഡൽഹി: കൊവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ആഹ്വാനം ചെയ്ത ദീപം തെളിയിക്കൽ ഇന്നാണ്. രാത്രി 9 മണിക്ക് 9 മിനിട്ട് ലൈറ്റുകളെല്ലാം അണച്ച് ദീപം തെളിയിക്കാൻ മറക്കരുതെന്ന് പ്രധാനമന്ത്രി വീണ്ടും ഓർമ്മിപ്പിച്ചു. ഒമ്പത് മണിക്ക് ഒമ്പത് മിനിട്ട് മറക്കരുതെന്ന് പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ട്വീറ്റ് ചെയ്തു.
കൊവിഡ് പ്രതിരോധത്തിനുള്ള കേന്ദ്രസർക്കാർ നടപടികൾക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. കൊറോണയെ ചെറുക്കാൻ ക്രിയാത്മക നടപടികളാണ് വേണ്ടത് അതല്ലാതെ പ്രധാനമന്ത്രിയുടെ നാടകമല്ലെന്ന് കോൺഗ്രസ് അടക്കമുള്ള കക്ഷികൾ പ്രതികരിച്ചു.
അതേസമയം ചലച്ചിത്ര താരങ്ങളടക്കം ദീപം തെളിയിക്കാൻ കാത്തിരിക്കുകയാണ്. ലൈറ്റുകൾ ഒരുമിച്ച് അണയ്ക്കുന്നത് വൈദ്യുതി നിലയ്ക്കുന്നതിന് കാരണമാകുമെന്ന വാദത്തെ കേന്ദ്ര ഊർജ്ജമന്ത്രാലയം തള്ളിക്കളഞ്ഞിട്ടുണ്ട്. ഒരു വിധത്തിലും വൈദ്യുതി നിലയ്ക്കുന്നതിന് ഇടയാവില്ലെന്നും അതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
വീടുകളിലെ ലൈറ്റുകൾ മാത്രമേ അണയ്ക്കുന്നുള്ളൂ, ഫാനും എ.സിയും ഫ്രിഡ്ജും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും അണയ്ക്കുന്നില്ല. തെരുവ് വിളക്കുകളും ആശുപത്രി അടക്കമുള്ള അത്യാവശ്യ സർവീസ് ഓഫീസുകളിലെ ലൈറ്റുകളും അണയ്ക്കുന്നില്ല. അതുകൊണ്ട് വൈദ്യുതിക്ക് ഒരു കുഴപ്പവുമുണ്ടാകില്ല എന്ന് അവർ ആവർത്തിച്ച് വ്യക്തമാക്കുന്നു.