കുവൈറ്റ്: കുവൈറ്റിൽ പൊതുമാപ്പുകാരെ താമസിപ്പിക്കുന്നതിന് പുതിയ രണ്ട് കേന്ദ്രങ്ങൾ കൂടി ഒരുങ്ങിയതായി ആഭ്യന്തരമന്ത്രാലയം റസിഡൻസി അഫയേഴ്സ് അറിയിച്ചു. സ്ത്രീകൾക്കായി ജലീബ് അൽ ഷുവൈക്കിലെ റുഫൈദ അൽ അസ്ലാമിയ പ്രൈമറി ഗേൾസിലെ ബ്ലോക്ക് 4 സ്ട്രീറ്റ് 200 ലും പുരുഷൻമാർക്കായി ജലീബ് അൽ ഷുവൈക്കിലെ നയീം ബിൻ മസൂദ് സ്‌കൂൾ ബോയ്സിലെ ബ്ലോക്ക് 4, സ്ട്രീറ്റ് 250ലുമാണ് പുതിയ കേന്ദ്രങ്ങൾ.
ഏപ്രിൽ ഒന്നു മുതൽ 30 വരെയാണ് കുവൈറ്റിൽ താമസിക്കുന്ന കുടിയേറ്റ നിയമലംഘകർക്ക് പൊതുമാപ്പ് അനുവദിച്ചിരിക്കുന്നത്. നിയമലംഘകർക്ക് പിഴയോ ജയിൽ ശിക്ഷയോ കൂടാതെ രാജ്യം വിടാനും യാത്രാചെലവും രാജ്യം വിടുന്നതുവരെയുള്ള താമസവും ഭക്ഷണവും സർക്കാർ വഹിക്കുമെന്നതാണ് പൊതുമാപ്പിനുള്ള പ്രത്യേകത.
ഈ മാസം 11 മുതൽ 15വരെയാണ് ഇന്ത്യാക്കാർക്ക് അനുവദിച്ചിരിക്കുന്ന സമയം. പാസ്‌പോർട്ട് ഇല്ലാത്തവർക്ക് കുവൈറ്റിലെ പ്രത്യേക സാഹചര്യത്തിൽ എംബസിയിൽ ഔട്ട്പാസിന് പോകേണ്ടതില്ല. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ അപേക്ഷ ഫോം വിതരണം ചെയ്ത് ഔട്ട് പാസ് നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്