മലയിൻകീഴ് : മലയിൻകീഴ് ഉൾപ്പെടെയുള്ള കാട്ടാക്കട മണ്ഡലത്തിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിൽ 31 മുതൽ ഇന്നലെ വരെയുള്ള കണക്കിൽ കുറവ്. മണ്ഡലത്തിൽ കൊവിഡ് ഭീതി ഒഴിയുന്നതിന്റെ സൂചനയാകാമിത്. മാർച്ച് 31 ന് 1173 പേരാണ് നിരീക്ഷണത്തിലായിരുന്നത്. ഇപ്പോഴുള്ളത് 939 പേരാണ്.

മണ്ഡലത്തിലെ കണക്കുകളിങ്ങനെ : വിളവൂർക്കൽ 31 ന് 157, ഇന്നലെ 121പേർ. വിളപ്പിൽ 200, ഇന്നലെ 178. കാട്ടാക്കട മാർച്ച് 31 ന് 281പേർ, ഇന്നലെ 181. മലയിൻകീഴ് മാർച്ച് 31 ന് 193 പേർ, ഇന്നലെ 171. പള്ളിച്ചൽ 136 പേർ 31 ന് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ 152 പേരായി കുറഞ്ഞു. മാറനല്ലൂർ മാർച്ച് 31 ന് 206 പേർ, ഇന്നലത്തെ കണക്ക് പ്രകാരം 135 കുറഞ്ഞിട്ടുണ്ട്.

വിദേശത്ത് നിന്നും മറ്റ് ജില്ലകളിൽ നിന്ന് എത്തിയവരുമാണ് നിരീക്ഷണത്തിലുള്ളവരിൽ കൂടുതലും. കൊവിഡ് 19 സ്ഥിരീകരിച്ചവരിൽ 3 പേർ മലയിൻകീഴ് സ്വദേശികളാണ്. വിദേശത്തുനിന്നെത്തിയ ഗൃഹനാഥനിൽ നിന്നാണ് രണ്ട് മക്കൾക്കും രോഗം പടർന്നത്. മലയിൻകീഴ്, പേയാട്, മാറനല്ലൂർ, കാട്ടാക്കട എന്നീ പ്രധാന ജംഗ്ഷനുകളിൽ വാഹന പരിശോധന പൊലീസ് കർശനമാക്കിയതിനാൽ അനാവശ്യമായി വാഹനങ്ങളുമായി പുറത്തേക്കിറങ്ങുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. മലയിൻകീഴ് ജംഗ്ഷനിൽ പൊലീസ് റോഡിൽ പന്തൽ കെട്ടിയും ട്രാഫിക് സിഗ്നൽ തൂൺ റോഡിൽ നിറുത്തിയുമാണ് പരിശോധന.