aor03a

ആറ്റിങ്ങൽ: ലോക്ക് ഡൗൺ കാലം ഫലപ്രദമായി വിനിയോഗിക്കുന്നതിന് അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡ്റ്റ് നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. സ്റ്റുഡന്റ് കേഡറ്റ് മുന്നോട്ടുവച്ച 'ബ്രേക്ക് ദ ചെയിൻ മേക്ക് ദ ചേയ്ഞ്ച്' എന്ന ആശയം മാതൃകാപരമായി നടപ്പിലാക്കുകയാണ് അവനവഞ്ചേരി സ്കൂളിലെ കുട്ടിപ്പൊലീസുകാർ. പുറത്തിറങ്ങിയും ഒത്തുചേർന്ന് കൂട്ടുകൂടിയുമുള്ള പ്രവർത്തനങ്ങൾ ഇല്ലാതായതോടെ നേരത്തേ തന്നെ ഉണ്ടാക്കിയിരുന്ന ഫേസ് ബുക്ക് ചാനലിലൂടെ അവരവരുടെ കഴിവുകൾ നന്നായി പ്രയോജനപ്പെടുത്തുകയാണ് കുട്ടികൾ. ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു കൊണ്ട് കമ്യൂണിറ്റി പൊലീസ് ഓഫീസർ എൻ. സാബു മാർഗ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഒരോ ദിവസവും കുട്ടികൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ വൈകിട്ട് ചാനലിലൂടെ ഗ്രൂപ്പിലുള്ള മുഴുവൻ കേഡറ്റുകൾക്കും രക്ഷിതാക്കൾക്കുമായി എത്തിക്കുകയാണ്. എല്ലാ കേഡറ്റുകളും അവരവരുടെ പ്രവർത്തനങ്ങൾ ചാനലിൽ പബ്ലിഷ് ചെയ്യുമെങ്കിലും ചില പ്രത്യേകതയുള്ള സെഗ്‌മെന്റുകൾ പരിചയപ്പെടുത്താം.

പുസ്തക പരിചയം

ഓരോ ദിവസവും ഓരോ പുസ്തകങ്ങൾ വായിച്ച് അതിന്റെ സാരാംശവും ആസ്വാദനവും മറ്റുള്ളവർക്കായി വീഡിയോ രൂപത്തിൽ അവതരിപ്പിക്കുന്നത് ജൂനിയർ കേഡറ്റ് എട്ടാം ക്ലാസുകാരി അനുപമയാണ്. ബാലസാഹിത്യ കൃതികളെ കൂടാതെ കുട്ടികൾക്ക് വായിക്കാൻ താത്പര്യമുണ്ടാക്കുന്ന പുസ്തകങ്ങളെ വളരെ ആസ്വാദ്യകരമായി അനുപമ അവതരിപ്പിക്കുന്നു.

സാത്തീസ് കിച്ചൺ

എട്ടാം ക്ലാസുകാരിയായ ജൂനിയർ കേഡറ്റ് സാത്വിക ദിലീപിന്റെ പാചകവീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. നമ്മുടെ നാട്ടിൻ പുറത്തു നിന്ന് ലഭിക്കുന്ന ഉത്പന്നങ്ങൾ കൊണ്ട് പോഷക സമൃദ്ധമായ ഭക്ഷണ പദാർഥങ്ങൾ തയ്യാറാക്കി വീഡിയോയായി ഒരു ദിവസം ഒന്നുവീതം ചാനലിൽ പോസ്റ്റ് ചെയ്യുന്നു. റവ ലഡു, ചെമ്പരത്തിപ്പൂ സ്ക്വാഷ്, മാംഗോ കേക്ക്, ചെമ്പരത്തിപ്പൂമൊട്ട് തോരൻ, ഓട്സ് ഓംലെറ്റ് അങ്ങിനെ പോകുന്നു വിഭവങ്ങൾ.

യോഗ പരിശീലനം

ശരീരത്തെയും മനസിനേയും ആരോഗ്യത്തോടെ നിലനിറുത്താൻ അനഘ ഭൂപേഷ് യോഗ പരിശീലനത്തിന് നേതൃത്വം നൽകുന്നു. യോഗയിലെ വിവിധ പ്രാണായാമങ്ങളും ആസനമുറകളും പരിചയപ്പെടുത്തി തന്റെ അമ്മയുടെ സഹായത്തോടെ വീഡിയോ തയ്യാറാക്കി ചാനലിലൂടെ അവതരിപ്പിക്കുന്നത് മറ്റു കുട്ടികൾക്ക് വളരെ എളുപ്പത്തിൽ പരിശീലിപ്പിക്കാവുന്ന തരത്തിലാണ്.

ക്രാഫ്റ്റ് പരിശീലനം

ഉപയോഗശൂന്യമായ വസ്തുക്കളെ പുനരുപയോഗ സാദ്ധ്യതയുള്ള അലങ്കാര വസ്തുക്കളായി മാറ്റുന്നതിനുള്ള പരിശീലന പരിപാടിക്ക് നേതൃത്വം നൽകുന്നത് സീനിയർ കേഡറ്റ് അനുരാഖിയും ജൂനിയർ കേഡറ്റായ അഞ്ജനയും ചേർന്നാണ്. മറ്റു കുട്ടികൾക്ക് വ്യക്തമായി പരിശീലിക്കാൻ പാകത്തിലാണ് വീഡിയോകൾ തയ്യാറാക്കുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന് പേപ്പർ പേന നിർമാണം ജൂനിയർ കേഡറ്റ് സാനിയ പരിശീലിപ്പിക്കുന്നു.

കരാട്ടേ പരിശീലനം

ജൂനിയർ കേഡറ്റ് ദേവസൂര്യയാണ് കൂടുകാർക്ക് കരാട്ടേ പരിശീലനം നൽകുന്നത്. കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള ദേവസൂര്യ കരാട്ടേയുടെ ചിട്ടവട്ടങ്ങൾ പരിചയപ്പെടുത്തുന്ന വീഡിയോ തയ്യാറാക്കി പോസ്റ്റ് ചെയ്യുന്നു.

സർഗവേള

ഈ സെഗ്‌മെന്റിൽ കേഡറ്റുകൾ കലാപരിപാടികൾ അവതരിപ്പിച്ച് പോസ്റ്റ് ചെയ്യുന്നു. സീനിയർ കേഡറ്റായ അദ്വൈത് പാട്ടുകൾ അവതരിപ്പിക്കുമ്പോൾ ജൂനിയർ കേഡറ്റ് സാനിയ ഗിത്താറിൽ നോട്ടുകൾ അവതരിപ്പിക്കുന്നു. സീനിയർ കേഡറ്റ് ശ്രീവിനായക് പ്രവീൺ ഡ്രമ്മിലുള്ള തന്റെ കഴിവ് വീഡിയോ ആക്കി അവതരിപ്പിക്കുന്നു.

പൊതു വിജ്ഞാനം

അദ്ധ്യാപകർ ശേഖരിക്കുന്ന പൊതു വിജ്ഞാന ബോധവത്കരണ വീഡിയോകൾ,​ കൊവിഡിനെതിരെ ബോധവത്കരണ സന്ദേശങ്ങൾ എന്നിവയും പോസ്റ്റ് ചെയ്യുന്നു. എല്ലാ കേഡറ്റുകൾക്കും അവസരം നൽകുന്ന ഈ പരിപാടിയിൽ എല്ലാവരും എന്റെ ഇന്ന് എന്ന പേരിൽ അവർ ഒരു ദിവസം ചെയ്ത കാര്യങ്ങളുടെ ഡയറിക്കുറിപ്പുകളും ചാനലിൽ വരുന്നുണ്ട്.

ഡിജിറ്റൽ മാഗസിൻ

മുഴുവൻ പേർക്കും അവരവരുടെ പ്രതിഭകൾ അവതരിപ്പിക്കാനവസരം നൽകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു ഡിജിറ്റൽ മാഗസിൽ തയ്യാറാക്കാൻ കേഡറ്റുകൾ പദ്ധതി ആവിഷ്കരിച്ചു കഴി‌ഞ്ഞു. വായന എല്ലാവരിലും എത്തിക്കുന്നതിനായി കലാകൈരളി ഗ്രന്ഥശാലയുമായി ചേർന്ന് ബുക്ക് ഓൺ ഡിമാന്റ് എന്ന പദ്ധതിയും ആരംഭിച്ചു. ഫോണിലൂടെ ആവശ്യപ്പെടുന്ന പുസ്തകം നാട്ടിലെ വീടുകളിൽ എത്തിച്ചു കൊടുക്കുന്ന ഒരു പദ്ധതിയാണിത്.