കടയ്ക്കാവൂർ: സൗജന്യ റേഷൻ പൂഴ്ത്തിവച്ചത് പൊലീസ് പിടികൂടി. പള്ളിമുക്ക് ഭജനമഠത്തിൽ സുധീറിന്റെ വീട്ടിൽ നിന്നാണ് റേഷൻ സാധനങ്ങൾ പിടിച്ചത്.ഇയാൾ നിലയ്ക്കാമുക്ക് ജംഗ്ഷനിലെ റേഷൻ കടയിലെ ജീവനക്കാരനാണ്. കഴിഞ്ഞദിവസം ഉച്ചയോടെ ചാക്കിൽ സാധനങ്ങൾ വീട്ടിൽ കൊണ്ടിറക്കുന്നത് കണ്ടനാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. എന്നാൽ ഇത് മനസിലാക്കിയ സുധീർ റേഷൻ സാധനങ്ങൾ വീട്ടിനകത്തിട്ട് തീ കത്തിച്ച് വീടും പൂട്ടി സ്ഥലം വിട്ടു. കടയ്ക്കാവൂർ എസ്.ഐ. വിനോദ് വിക്രമാദിത്യനും സംഘവും സ്ഥലത്തെത്തിയപ്പോൾ വീട്ടിനകത്ത് നിന്ന് തീയും പുകയും ഉയരുന്നതു കണ്ട് ഫയർഫോഴ്സിനെ വിവരമറിയിച്ചു. തുടർന്ന് ഫയർഫോഴ്സ് എത്തി തീ അണച്ച ശേഷമാണ് പൊലീസ് വീട്ടിനകത്ത് കയറിയത്. പകുതിയോളം കത്തിയ നിലയിലുള്ള മൂന്ന് ചാക്ക് അരിയും ഒരു ചാക്ക് ഗോതമ്പുമാണ് കണ്ടെത്തിയത്. സുധീറിനെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.