തിരുവനന്തപുരം: കൊവിഡിനെ നേരിടാൻ ഇന്ത്യൻ റെയിൽവേയുടെ ഐസലേഷൻ വാർഡുകളിലും ഐ.സി യൂണിറ്റുകളിലും റെയിൽവേ ഡോക്ടർമാരുടെ സേവനം. എല്ലാ റെയിൽവേ ആശുപത്രികളിലെയും ഹെൽത്ത് യൂണിറ്റുകളിലെയും ഡോക്ടമാരുൾപ്പെടെയുള്ളവരെ ക്രമീകരിക്കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. സംസ്ഥാന സർക്കാർ, സ്വകാര്യ ഡോക്ടർമാരുടേയും ആരോഗ്യപ്രവർത്തകരുടേയും സേവനവും ഉറപ്പാക്കും. കൂടുതൽ കൊവിഡ് ബാധിതർ എത്തുന്ന അവസ്ഥയിൽ സൈന്യത്തിലെ ഡോക്ടർമാരുടെയും സേവനം തേടും.
ആദ്യഘട്ടത്തിൽ റെയിൽവേയുടെ 5000 കോച്ചുകളും രണ്ടാം ഘട്ടത്തിൽ 20,000 കോച്ചുകളും ഐസലേഷൻ , ഐ.സി.യു വാർഡുകളാക്കി മാറ്റാനാണ് നിർദ്ദേശം. ഡിവിഷണൽ റെയിൽവേ ആശുപത്രികൾ കേന്ദ്രമാക്കിയാവും പ്രവർത്തനം. ട്രെയിൻ തന്നെ ആശുപത്രിയാകുമ്പോൾ കോവിഡ് ബാധിത പ്രദേശത്തെത്തി സേവനം ഉറപ്പാക്കുകയും ചെയ്യാം.
ദക്ഷിണറെയിൽവേയിൽ
473 കോച്ചുകൾ
*തിരുവനന്തപുരവും പാലക്കാടും ഉൾപ്പെടുന്ന ദക്ഷിണ റെയിവേയിൽ 473 കോച്ചുകളാണ് ഐസലേഷൻ വാർഡുകളാക്കുന്നത്. രണ്ടാം ഘട്ടത്തിൽ 1500 കോച്ചുകളും.
*തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 40 ബോഗികളിൽ, ഒരു കോച്ചിൽ എട്ട് വാർഡ് എന്ന കണക്കിൽ 320 വാർഡുകൾ സജ്ജമാക്കും. തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിൽ, തിരുവനന്തപുരം, കൊച്ചുവേളി, എറണാകുളം മെക്കാനിക്കൽ കോച്ചിംഗ് മെയിന്റനൻസ് ഡിപ്പോകളിലാണ് ഐസലേഷൻ യൂണിറ്റുകൾ.
*കോച്ചിൽ അരഡസൻ പേർക്ക് ഇരിക്കാവുന്ന ഓരോ കാബിനിലേയും മദ്ധ്യത്തിലുളള രണ്ട് ബർത്തുകൾ നീക്കം ചെയ്താണ് ഒരു വാർഡ്.
*ഓരോ വാർഡും സർജിക്കൽ കർട്ടൻ ഉപയോഗിച്ച് മറയ്ക്കും. നഴ്സിംഗ് റൂമും മെഡിക്കൽ സ്റ്റോറും രണ്ട് ഓക്സിജൻ സിലിണ്ടറുകളുമുണ്ടാകും.
* ഹൈ വോൾട്ടേജ് പ്ലഗ്ഗ്, ലൈഫ് സപ്പോർട്ട് സംവിധാനം. എല്ലാ വാർഡുകളിലും മൊബൈൽ ഫോണും ലാപ്‌ടോപ്പും ചാർജ് ചെയ്യാൻ പ്ലഗ്ഗ് പോയിന്റുകളും ജനലുകളിൽ കൊതുക് വലയും.
*ഓരോ കോച്ചിലെയും നാല് ടോയ്ലറ്റുകളും നവീകരിക്കും.
കേരളത്തിൽ 40
ഡോക്ടർമാർ
സംസ്ഥാനത്ത് പാലക്കാടും തിരുവനന്തപുരത്ത് പേട്ടയിലും റെയിൽവേ ഡിവിഷണൽ ആശുപത്രികളും കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ റെയിൽവേ ഹെൽത്ത് യൂണിറ്റുകളും നിലവിലുണ്ട്.
ഇവിടങ്ങളിലെ 40 ഡോക്ടമാരുടെ സേവനം പ്രയോജനപ്പെടുത്തും.