കല്ലമ്പലം : മുൻഗണനാ ക്രമം പാലിക്കാതെ റേഷൻ വിതരണം നടത്തിയ ജീവനക്കാരും അകലം പാലിക്കാതെ തള്ളിക്കയറിയ കാർഡ് ഉടമകളും തമ്മിലുള്ള വാക്കേറ്റം മൂലം റേഷൻ വിതരണം ഭാഗികമായി മുടങ്ങി. മണമ്പൂർ പഞ്ചായത്തിലെ ചാത്തമ്പറ പറങ്കിമംവിളയിൽ പ്രവർത്തിക്കുന്ന റേഷൻ കടയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. നേരത്തെ വന്ന പലരുടെയും കാർഡ് പരിഗണിക്കാതെ ജീവനക്കാർ ഇഷ്ടമുള്ളവർക്ക് സാധനങ്ങൾ നൽകി എന്ന് പറഞ്ഞായിരുന്നു ബഹളം. ടോക്കൺ സമ്പ്രദായം ഇല്ലാത്തതാണ് പ്രശ്നമായത്. സാമൂഹിക അകലം കാർഡ് ഉടമകൾ പാലിക്കുന്നില്ലെന്ന് ജീവനക്കാരും പരാതി പറഞ്ഞു. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചു. തുടർന്ന് വാർഡ് മെമ്പർ പ്രശോഭന കാർഡ് ഉടമകളെ നിയന്ത്രിച്ചു.