ജക്കാർത്ത: ഇന്തോനേഷ്യയിൽ ആരോഗ്യ പ്രവർത്തകർ എന്ത് ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ്. കൊവിഡിനെ ചെറുക്കാനുള്ള സുരക്ഷാ ഉപകരണങ്ങളൊന്നുമില്ല. രാജ്യത്ത് മരിച്ച് വീഴുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർദ്ധിക്കുകയാണ്. ഡോക്ടർമാർക്ക് പോലും മതിയായ മാസ്‌കുകളോ മെഡിക്കൽ ഉപകരണങ്ങളോ ഇല്ല. അതിവേഗമാണ് രാജ്യത്ത് കൊവിഡ് പടർന്നുകൊണ്ടിരിക്കുന്നത്. ഏഷ്യയിൽ അതിവേഗം ആളുകൾ മരിച്ചുവീഴുന്നതും ഇന്തോനേഷ്യയിലാണ്.
മാർച്ച് 2 മുതൽ ഏപ്രിൽ 4 വരെ 181 പേരാണ് മരിച്ചത്. 1790 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതെല്ലാം തെറ്റായ കണക്കുകളാണെന്ന് ഡോക്ടർമാർ പറയുന്നു. രോഗം പലയിടത്തും റിപ്പോർട്ട് ചെയ്യപ്പെടാതെ പോയിട്ടുണ്ട്. മരിച്ചുവീഴുന്നവരുടെ കണക്കുകളും കൃത്യമായി ലഭ്യമല്ല. ഭരണകൂടം ഇത് മറച്ചുവയ്ക്കുന്നുവെന്നാണ് പരാതി. സംഗതി ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അക്മദ് യുരിയാന്റോ പറയുന്നു. ഇതുവരെ രണ്ട് ആശുപത്രി ഡയറക്ടർമാരും 12 ഡോക്ടർമാരും ഇന്തോനേഷ്യയിൽ മരിച്ചു.