ആറ്റിങ്ങൽ: തമിഴ്‌നാട്ടിലെ തേങ്ങാപട്ടണത്തു നിന്ന് പന്തളം കടയ്ക്കാട് ചന്തയിൽ വില്പനയ്ക്കായി കൊണ്ടുപോയ രണ്ട് ക്വിന്റൽ പഴകിയ മത്സ്യം പിടികൂടി. സംഭവത്തിൽ ലോറി ഡ്രൈവർ തേങ്ങാപട്ടണം സ്വദേശി ജോർജിനെ അറസ്റ്റു ചെയ്തു. പിടിച്ചെടുത്ത 2200 കിലോ മത്സ്യം നഗരസഭ അധികൃതർക്ക് കൈമാറി. ഇത് മാലിന്യസംസ്‌കരണ പ്ലാന്റിലെത്തിച്ച് നശിപ്പിച്ചു. ഞായറാഴ്ച രാവിലെ 11.30ഓടെയാണ് മീൻ കയറ്റിയ ലോറി ആറ്റിങ്ങൽ കച്ചേരിനടയിലെത്തിയത്. വാഹനം തടഞ്ഞ പൊലീസ് ഡ്രൈവറോട് വിവരങ്ങൾ തിരക്കി. മറുപടി തൃപ്തികരമല്ലാതിരുന്നതിനെ തുടർന്നാണ് വാഹനം പരിശോധിച്ചത്. എസ്.ഐ സനൂജ്, അഡിഷണൽ എസ്.ഐ. സലീം, എ.എസ്.ഐമാരായ രാജീവ്, കിരൺ, സി.പി.ഒമാരായ ഷൈൻ, രാകേഷ് എന്നിവരാണ് വാഹനം പരിശോധിച്ച് കസ്റ്റഡിയിലെടുത്തത്. കട്ട എന്ന ഇനത്തിൽപ്പെട്ട മാംസളമായ കൂറ്റൻ മീനുകളാണ് 32 പെട്ടികളിലാക്കി സൂക്ഷിച്ചിരുന്നത്. മീനിന്റെ തല മുറിച്ച ശേഷം തലയിലും ഉടലിലും രാസലായനി തളിച്ചിരുന്നു. മിക്കവയും പുഴുവരിക്കുന്ന നിലയിലായിരുന്നു. പൊലീസ് അറിയിച്ചതിനെത്തുടർന്ന് മുനിസിപ്പൽ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജുവിന്റെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്നാണ് മീൻ പിടിച്ചെടുത്ത് നശിപ്പിക്കാൻ തീരുമാനിച്ചത്. പിടികൂടിയ മീനിന് 13 ലക്ഷത്തിലധികം വിലവരുമെന്ന് കണക്കാക്കുന്നു. ഡ്രൈവറെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.