തിരുവനന്തപുരം:സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് അഞ്ചു പേർക്കും പത്തനംതിട്ട, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം. കോഴിക്കോട് രോഗം ബാധിച്ച നാലു പേർ നിസാമുദ്ദീനിൽ നിന്നും ഒരാൾ ദുബായിൽ നിന്നും വന്നതാണ്. പത്തനംതിട്ട പന്തളം സ്വദേശിയായ വിദ്യാർത്ഥിനി ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗമാണ് വന്നത്. കണ്ണൂർ, കാസർകോട് ജില്ലക്കാർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.
നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തി രോഗം ബാധിച്ചവരുടെ എണ്ണം പത്തായി. ഇന്നലെ ആറ് പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂരിൽ നാലുപേരുടെയും തിരുവനന്തപുരം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളിൽ നിന്നും ഓരോരുത്തരുടേയും ഫലമാണ് നെഗറ്റീവ്. നിലവിൽ 256 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ആകെ 56 പേർ രോഗമുക്തി നേടി. രണ്ട് പേർ മുമ്പ് മരണമടഞ്ഞിരുന്നു.
മൊത്തം 1,58,617 പേർ നിരീക്ഷണത്തിലാണ്. 1,57,841 പേർ വീടുകളിലും 776 പേർ ആശുപത്രികളിലുമാണ്. 188 പേരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 10,221 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ ലഭ്യമായ 9,300 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്.