തിരുവനന്തപുരം: കൊവിഡ് ഭീതിയിൽ കഴിയുന്ന ജനത്തിന് ആത്മവിശ്വാസത്തിന്റെ കരുത്തു പകരാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം ഇന്നലെ രാത്രി 9ന് വീടുകളിൽ 9 മിനിട്ട് വൈദ്യുതി ലൈറ്റുകൾ അണച്ച് ദീപം തെളിച്ചു. കൊവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ട് നേരിടമെന്ന സന്ദേശമുയർത്തി രാജ്യമെങ്ങും നടത്തിയ ദീപാർപ്പണത്തിൽ കേരളവും പങ്കുകൊണ്ടു. ലോക്ക് ഡൗണിലും രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശം ലോകത്തിനു മുന്നിൽ ഭാരതീയർ തെളിയിച്ചു.
വീടുകളുടെ മുറ്റത്തും ബാൽക്കണിയിലും നിന്നാണ് ജനങ്ങൾ ദീപാർപ്പണ ചടങ്ങിൽ പങ്കാളികളായത്. മൺചിരാത് , മെഴുകുതിരി, ടോർച്ച്, മൊബൈൽ ഫ്‌ളാഷ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ സ്രോതസ്സുകളിൽ നിന്നാണ് കൊവിഡ് പ്രതിരോധത്തിന്റെ സന്ദേശവുമായി വിളക്കുകൾ തെളിഞ്ഞത്. ഫ്ലാറ്റുകളിലും ബഹുനില കെട്ടിടങ്ങളിലും താമസിക്കുന്നവർ ഒരേ സമയം ദീപം തെളിച്ചത് നവ്യാനുഭവമായി. ഒൻപത് മണിക്ക് വിളക്ക് തെളിക്കണമെന്നാണ് പ്രധാനമന്ത്രി ആഹ്വനം ചെയ്തതെങ്കിലും അതിന് വളരെ മുമ്പേ പലരും വീടിന് മുന്നിൽ ദീപം കത്തിച്ചു തുടങ്ങിയിരുന്നു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് പരിസരത്തെ മുഴുവൻ ലൈറ്റുകളും 9 മണിക്ക് മുമ്പേ അണച്ചു. ക്ലിഫ് ഹൗസിലെ ജീവനക്കാർ ടോർച്ച് തെളിച്ച് ഐക്യദീപത്തിൽ പങ്കുചേർന്നു. മന്ത്രി മന്ദിരങ്ങളിലെ ലൈറ്റുകളും അണച്ചും ടോർച്ച് തെളിച്ചും പ്രധാനമന്ത്രിയുടെ ആഹ്വനത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. രാജ്ഭവനിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, സുരേഷ് ഗോപി എം.പി, ഒ .രാജഗോപാൽ എം.എൽ.എ , ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, വിശാലാനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി ശിവസ്വരൂപാനന്ദ , ഫുട്ബാൾ താരം ഐ.എം.വിജയൻ തുടങ്ങിയവരും ദീപം തെളിച്ചു. കേരളകൗമുദി ഒാഫീസിലും വൈദ്യുത വിളക്കുകൾ അണച്ച് ഒൻപത് മിനിറ്റ് നേരം മൺചിരാതുകൾ തെളിച്ചു.
പൊതു ഇടങ്ങൾ, ആശുപത്രികൾ, പൊലീസ് സ്‌റ്റേഷനുകൾ, മുനിസിപ്പൽ ഓഫീസുകൾ എന്നിവിടങ്ങളിൽ നേരത്തെയുള്ള നിർദ്ദേശാനുസരണം ലൈറ്റ് അണച്ചില്ല . തെരുവ് വിളക്കുകളും അണച്ചില്ല .ഒരുമിച്ച് ലൈറ്റണയ്ക്കുന്നത് വൈദ്യുതി വിതരണ ശൃംഖലയ്ക്ക് ദോഷം ചെയ്യാതിരിക്കാൻ മെയിൻസ്വിച്ച് ഓഫ് ചെയ്യരുതെന്ന് കെ.എസ് .ഇ.ബി നേരത്തെ അറിയിപ്പ് നൽകിയിരുന്നു.