rain-
rain

തിരുവനന്തപുരം: കത്തിക്കാളുന്ന ചൂടിന് ആശ്വാസമായി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഇന്നലെ വേനൽ മഴ ശക്തമായി. കാസർകോട് ഒഴികെയുള്ള ജില്ലകളിൽ വ്യാഴാഴ്ച വരെ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 35 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശാൻ സാദ്ധ്യതയുണ്ട്. തെക്കൻ കേരളത്തിൽ രൂപപ്പെട്ട അന്തരീക്ഷച്ചുഴി വടക്കോട്ട്‌ സഞ്ചരിക്കുകയാണ്. അതിനാൽ വരുംദിവസങ്ങളിൽ വടക്കൻ മേഖലയിൽ മഴ ശക്തമാകും.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഇടിയോടുകൂടി ശക്തമായ മഴ പെയ്തത്. കോട്ടയത്തും എറണാകുളത്തും സാമാന്യം ശക്തമായ മഴയാണ് ലഭിച്ചത്. തലസ്ഥാന നഗരത്തിൽ വൈകിട്ട് 4.15 ന് ആരംഭിച്ച മഴ മുക്കാൽ മണിക്കൂർ നീണ്ടുനിന്നു. പലയിടങ്ങളിലും റോഡ‌ുകളിൽ വെള്ളം കയറി. വൈദ്യുതി തകരാറിലാവുകയും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. നഗരത്തിൽ പലയിടത്തും വെള്ളം കയറി,​ മരങ്ങൾ ഒടിഞ്ഞുവീഴുകയും ചെയ്തു. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലും ശക്തമായ മഴ ലഭിച്ചു.

രോഗഭീതി
വൈറൽ പനി, ഡെങ്കിപ്പനി, കൊതുകുജന്യ രോഗങ്ങൾ എന്നിവ പടരാൻ സാദ്ധ്യതയുള്ളതായി ആരോഗ്യവിദഗ്ദ്ധരും ഡോക്ടർമാരും മുന്നറിയിപ്പ് നൽകി. മഴവെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം ഒഴിവാക്കണം. മഴ മാറിയശേഷം പരിസരം ശുചീകരിക്കുകയും വേണം.