നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ വൃദ്ധയ്ക്ക് കൊറോണ. നാഗർകോവിൽ കോട്ടാർ വെള്ളടിച്ചിവിള സ്വദേശിയായ 88കാരിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം ആറായി. പനിയുമായി നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ രക്തസാംപിളുകൾ പരിശോധനയ്ക്ക് അയച്ച ശേഷം ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. ഇന്നലെയാണ് പരിശോധനാ ഫലം ലഭിച്ചത്. ഇവരുടെ ചെറുമോൻ ഡൽഹിയിൽ നടന്ന മുസ്ലിം തബ് ലീഗ് ജമാഅത്തിന്റെ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇയാളിൽ നിന്നാണ് കൊറോണ പകർന്നതെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലയിൽ രോഗാധിതരായ 6 പേരുമായി അടുത്തിടപഴകിയ 165പേരും ഗൾഫിൽ നിന്ന് വന്ന 4010പേരും വീടുകളിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. തമിഴ്‌നാട്ടിൽ ഇന്നലെ മാത്രം 86പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി തമിഴ്നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ബ്യൂല രാജേഷ് അറിയിച്ചു. 86ൽ 85പേരും ഡൽഹിയിൽ നടന്ന മുസ്ലിം തബ് ലീഗ് ജമാഅത്തിന്റെ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇതോടെ തമിഴ്‌നാട്ടിൽ കൊറോണ ബാധിതരുടെ എണ്ണം 571ആയി.