ബാലരാമപുരം: കൊവിഡ് വ്യാപനം തടയാൻ ലോക്ക് ഡൗൺ നടപ്പാക്കിയപ്പോൾ പട്ടിണിയായ തെരുവുനായ്ക്കൾക്ക് ആശ്വാസമാകുകയാണ് പൂങ്കോട് പുതുവൽ പുത്തൻവീട്ടിൽ സുനിൽകുമാർ. ഈ പ്രദേശത്തെ നൂറോളം വരുന്ന തെരുവ് നായ്ക്കൾക്ക് നേരത്തെ ആശ്രയം ഹോട്ടലുകളിൽ നിന്നും പുറന്തള്ളുന്ന മിച്ചഭക്ഷണമായിരുന്നു. എന്നാൽ ഹോട്ടലുകളെല്ലാം അടഞ്ഞതോടെ ഇവ പട്ടിണിയായി. ഇത് മനസിലാക്കിയാണ് ഓട്ടോഡ്രൈവറായ സുനിൽകുമാർ തെരുവ് നായ്ക്കൾക്ക് ഭക്ഷണമൊരുക്കാൻ തുടങ്ങിയത്. ഭക്ഷണം കിട്ടാതെ അലഞ്ഞുനടക്കുന്ന തെരുവ് നായ്ക്കൾക്ക് നൽകാൻ ഇറച്ചി, മീൻ വേസ്റ്റുകൾ അരിയോടൊപ്പം വേവിച്ചാണ് പൊതി തയ്യാറാക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ സുഹൃത്ത് തമ്പുവിനൊപ്പം വീട്ടിൽ നിന്നും പൊതികളുമായി പുറപ്പെട്ടാൽ ഏറെ വൈകിയാണ് തിരികെ വീട്ടിലെത്തുന്നത്. പതിവ് തെറ്റാതെ ദിവസങ്ങളായി തെരുവ് നായ്ക്കളുടെ വിശപ്പകറ്റുന്ന ജോലിയിൽ വ്യാപൃതനാണ് സുനിൽകുമാർ. ഇപ്പോൾ സുനിലിന്റെ വരവിനായി കാതോർക്കുകയാണ് തെരുവ് നായ്ക്കൾ.