തിരുവനന്തപുരം: ഇന്നലെ അപ്രതീക്ഷിതമായി പെയ്‌ത വേനൽ മഴയിൽ ഫീഡർ ലൈനുകൾ പൊട്ടിവീണതിനെ തുടർന്ന് മണിക്കൂറുകളോളം തലസ്ഥാന ജില്ല ഇരുട്ടിലായി. ഇന്നലെ വൈകിട്ട് മൂന്നോടെ പെയ്‌ത പെരുമഴയിൽ 66 കെ.വി ലൈൻ അടക്കം ഇരുപതോളം ഫീഡർ ലൈനുകളാണ് പൊട്ടിവീണത്. കന്യാകുമാരിയിൽ നിന്നടക്കം വൈദ്യുതി കൊണ്ടുവരുന്ന ഫീഡർ ലൈനുകൾ പൊട്ടിവീണു. ഇതോടെ ജില്ലയിലെ ഉൾപ്രദേശങ്ങളിലടക്കം വൈദ്യുതി ബന്ധം തകരാറിലായി. നിരവധി സ്ഥലങ്ങളിൽ മരം കടപുഴകിവീണും മരക്കൊമ്പ് ഒടിഞ്ഞുവീണും വൈദ്യുതി ലൈൻ പൊട്ടിവീണു. ലോക്ക് ഡൗൺ നിയന്ത്രണമുള്ളതിനാൽ ഡ്യൂട്ടിക്കെത്തിയ വൈദ്യുതി ജീവനക്കാരുടെ എണ്ണം കുറവായിരുന്നതിനാൽ ലൈൻ തകരാർ പരിഹരിക്കാൻ ബുദ്ധിമുട്ടുണ്ടായി. രാത്രി വൈകിയും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള ജോലി തുടരുകയാണ്.