chandrayan

തിരുവനന്തപുരം: ഇന്ത്യയുൾപ്പെടെ ലോകത്തെ പ്രധാന ബഹിരാകാശപദ്ധതികളെല്ലാം കൊവിഡ് ഭീതിയിൽ സ്തംഭിക്കുന്നു.

ഇന്ത്യയുടെ സുപ്രധാനപദ്ധതികളായ ഗഗൻയാൻ,ചന്ദ്രയാൻ 3 എന്നിവ ഉൾപ്പെടെ ഈ വർഷത്തെ വിക്ഷേപണങ്ങൾ പലതും അനിശ്ചിതമായി മാറ്റിവച്ചു. അബുദാബിലെ അന്താരാഷ്ട്ര സ്പെയ്സ് കോൺഫറൻസുകൾപ്പെടെ പല സമ്മേളനങ്ങളും മാറ്റിവച്ചു. ചൊവ്വയിലേക്കും സൂര്യനിലേക്കും ചന്ദ്രനിലേക്കുമുള്ള പര്യവേഷണദൗത്യങ്ങളും ഏരിയൻ 5 റോക്കറ്റിന്റെ വിക്ഷേപണവും മാറ്റിവച്ചു. സ്പെയ്സ് എക്സിന്റെ സുപ്രധാനമായ ബഹിരാകാശത്തുകൂടിയുള്ള വിമാനസർവ്വീസിന്റെ തുടർപ്രവർത്തനങ്ങളും സ്തംഭിച്ചു. നാസയുടെ 18 ഗവേഷണ സ്ഥാപനങ്ങളിൽ പത്തും മാർച്ച് 25 ഓടെ അടച്ചു. മാർച്ച് 9 നാണ് നാസയിലെ ഒരു ശാസ്ത്രജ്ഞന് കൊവിഡ് സ്ഥിരീകരിച്ചത്. മാർച്ച് അവസാനമായപ്പോഴേയും അത് കൂടുതൽ പേരിലെത്തി. ആദ്യം പൂട്ടിയത് സ്പെയ്സ് ലോഞ്ചിംഗ് സ്റ്റേഷനാണ്. പിന്നാലെ മറ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനവും നിലച്ചു. മാർച്ച് 20 ന് ഫ്രഞ്ച് ഗയാനയിലെ കൗറു വിക്ഷേപണകേന്ദ്രവും അടച്ചു.

ഇന്ത്യയിലെ ഐ.എസ്.ആർ.ഒയുടെ സുപ്രധാനകേന്ദ്രമായ വി.എസ്.എസ്. സിയിൽ ലോക്ക് ഡൗൺ മൂലം വർക്ക് അറ്റ് ഹോം ആക്കി. ഇതോടെ റോക്കറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചു. വി.എസ്.എസ്.സി.കൊവിഡ് കാലത്ത് സാനിറ്റൈസേഷൻ നിർമ്മാണമാണ് നടത്തുന്നത്. കൂടാതെ കൊവിഡ് ചികിത്സയ്ക്കുള്ള വെന്റിലേറ്റർ നിർമ്മാണത്തിന് രൂപകൽപനയിൽ സഹായിക്കാനും ശ്രമിക്കുന്നതായി ഡയറക്ടർ പറഞ്ഞു.

ഐ.എസ്.ആർ.ഒയുടെ പ്രവർത്തനങ്ങളിൽ 60 ശതമാനവും സ്വകാര്യസ്ഥാപനങ്ങളാണ് നിർവഹിക്കുന്നത്. പ്രത്യേകിച്ചും റോക്കറ്റിന്റെയും ഉപഗ്രഹത്തിന്റെയും നിർമ്മാണത്തിനുള്ള ഘടകങ്ങൾ. വാൽചന്ദ്നാഗർ, എൽ ആൻഡ് ഡി,ഗോദ് റെജ് സ്പെയ്സ് തുടങ്ങി വമ്പൻ കമ്പനികൾ മുതൽ ചെറുകിട ലെയ്ത്ത് സ്ഥാപനങ്ങൾ വരെ ഐ.എസ്.ആർ.ഒയുമായി സഹകരിക്കുന്നുണ്ട്. 400ഓളം സ്വകാര്യസ്ഥാപനങ്ങളാണ് ഇത്തരത്തിലുള്ളത്. കൊവിഡ് ബാധയുണ്ടായതോടെ ഇവയുടെയെല്ലാം പ്രവർത്തനം നിലച്ച മട്ടിലാണ്.

ഐ.എസ്.ആർ.ഒ.

ചന്ദ്രയാൻ 3,ആദിത്യ, തമിഴ്നാട്ടിൽ പുതിയ റോക്കറ്റ് വിക്ഷേപണകേന്ദ്രസ്ഥാപനം എന്നിവയുൾപ്പെടെ 25 പ്രധാനപദ്ധതികളുടെയും ഗഗൻയാൻ പദ്ധതിയുടെയും കലണ്ടർ തെറ്റി

നാസ

ചന്ദ്രനിലേക്ക് ഒാറിയോൺ കാപസ്യൂൾ, ഹെബിൾ സ്പെയ്സ് ടെലിസ്കോപ്പിന്റെപുതിയ പതിപ്പായ ജെയിംസ് വെബ് സ്പെയ്സ് ടെലിസ്കോപ്പ്, സ്പെയ്സ് എക്സിന്റെ എയർബസ് പദ്ധതിയുടെ ട്രയൽ എന്നിവ മാറ്റിവച്ചു

റഷ്യ

ചൊവ്വ പര്യവേഷണം 2022 ലേക്ക് മാറ്റിവച്ചു.

യൂറോപ്യൻ സ്പെയ്സ് ഏജൻസി

ജപ്പാനുമായി ചേർന്നുള്ള സൂര്യപര്യവേഷണം മാറ്റി, ഫ്രഞ്ച് ഗയാനയുടെ കൗറു റോക്കറ്റ്‌ വിക്ഷേപണ കേന്ദ്രം അടച്ചു.