തിരുവനന്തപുരം: കൊവിഡ് 19 നിരീക്ഷണം ശക്തമാക്കാൻ നഗരസഭ മൊബൈൽ ആപ്ലിക്കേഷൻ സജ്ജമാക്കി. നഗരസഭാ പരിധിയിൽ ഹോം ക്വാറന്റൈനിൽ കഴിയുന്നവർ അത് ലംഘിക്കുകയാണെങ്കിൽ മേയറുടെ ഐ.ടി. സെല്ലിൽ വിവരം ലഭിക്കുന്ന വിധത്തിലാണ് ആപ്ലിക്കേഷന്റെ പ്രവർത്തനം. ക്വാറന്റൈനിലുള്ള വ്യക്തി മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ നിരീക്ഷണ വലയത്തിലാകും. ലംഘിക്കുകയാണെങ്കിൽ വാർഡിന്റെ ചുമതലയുള്ള വോളന്റിയർക്കും അറിയിപ്പ് ലഭിക്കും. എല്ലാ ദിവസവും വോളന്റിയർ ഇവരുടെ വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ആപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യും. ക്വാറന്റൈനിൽ കഴിയുന്നവരുടെ കുടുംബാംഗങ്ങളുടെ പേരുവിവരങ്ങളും ഐ.ടി സെൽ ശേഖരിച്ചിട്ടുണ്ട്. വ്യക്തി മൊബൈൽ ഓഫ് ചെയ്‌താലും ഐ.ടി സെല്ലിന് അറിയിപ്പ് ലഭിക്കും. സാമൂഹിക വ്യാപനം തടയുന്നതിനാവശ്യമായ റൂട്ട് മാപ്പിംഗ് എളുപ്പമാക്കാനും ഈ സംവിധാനം സഹായിക്കും. www.covid19tvm.com എന്ന വെബ് പേജിലെ ക്വാറന്റൈൻ ഡാഷ് ബോർഡ് വഴി പൊതുജനങ്ങൾക്കും ഇതിന്റെ വിശദാംശങ്ങൾ അറിയാം.
മറ്റ് സംവിധാനങ്ങൾ
ക്വാറന്റൈനിൽ കഴിയുന്ന ആളുകൾ താമസിക്കുന്ന പ്രദേശങ്ങൾ
ഹീറ്റ് മാപ്പ് വഴി റെഡ് സോണായി രേഖപ്പെടുത്തിയിട്ടുണ്ട്.
ആളുകളുടെ വാർഡ് പ്രായം, ലിംഗം എന്നിവ തരംതിരിച്ച്
ഗ്രാഫ് അടിസ്ഥാനത്തിലുള്ള പ്രദർശനം.
ഫുഡ് ഡാഷ് ബോർഡ് വഴി നഗരസഭയുടെ 25 കമ്മ്യൂണിറ്റി കിച്ചണുകൾ
വഴി വിതരണം ചെയ്‌ത ഭക്ഷണത്തിന്റെ കണക്കും ലഭ്യമാകും.