തിരുവനന്തപുരം : നഗരത്തിൽ ഇന്നലെ മണിക്കൂറുകളോളം തകർത്തുപെയ്ത വേനൽ മഴയിൽ താഴ്ന്ന സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണു. മണിക്കൂറുകളോളം പലയിടത്തും ഗതാഗത തടസമുണ്ടായി. വൈകിട്ട് മൂന്നരയോടെ പെയ്തു തുടങ്ങിയ മഴ മണിക്കൂറുകളോളം നീണ്ടു. ശക്തമായ ഇടിമിന്നലിന്റെ അകമ്പടിയോടെ പെയ്ത മഴയിൽ താഴ്ന്ന സ്ഥലങ്ങൾ പലയിടത്തും വെള്ളം കയറി. ചിലയിടങ്ങളിൽ മതിലുകൾ ഇടിഞ്ഞുവീണു. മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നതു കാരണം പലയിടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു. ഈഞ്ചയ്ക്കൽ സുഭാഷ് നഗറിൽ ഒരു മാവിന്റെ ശിഖരം ഒടിഞ്ഞുവീണ് ഒതുക്കിയിട്ടിരുന്ന കാർ, പിക്കപ്പ് ഓട്ടോറിക്ഷ എന്നിവയ്‌ക്ക് മുകളിൽ വീണു. മെഡിക്കൽ കോളേജി നടുത്ത് വീടിനോട് ചേർന്നു നിന്ന മരം കടപുഴകി. പേട്ട റെയിൽവേ സ്റ്റേഷന് സമീപം ഒരു തെങ്ങും പേട്ട ജംഗ്‌ഷനുസമീപം മരവും വൈദ്യുതി ലൈനിന് മുകളിലേക്ക് ഒടിഞ്ഞുവീണു. കവടിയാർ, ചാക്ക, പേട്ട, സ്റ്റാച്യു, തമ്പാനൂർ തുടങ്ങിയ സ്ഥലങ്ങളിൽ റോഡിലാകെ വെള്ളം നിറഞ്ഞ നിലയിലായിരുന്നു. റോഡിൽ മണിക്കൂറുകളോളം വെള്ളംകെട്ടി നിന്നു. മുട്ടട,വയലിക്കട,അമ്പലംമുക്ക് ഭാഗങ്ങളിലും വെള്ളം കയറി.