dharavi

മുംബയ്: മഹാരാഷ്ട്രയില്‍ കൊവിഡ് 19 രോഗികളുടെ എണ്ണം 750 കടന്നു. ഇന്നലെ മാത്രം 13 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 45 ആയി. മുംബയ് നഗരത്തില്‍ മാത്രം ഇതുവരെ 30 പേരാണ് മരിച്ചത്. മുംബയില്‍ രോഗികളുടെ എണ്ണം 500ലേക്ക് അടുക്കുകയാണ്. ധാരാവിയില്‍ ഇന്നലെ രാത്രി 20 കാരന് കൂടി രോഗം സ്ഥിരീകരിച്ചത് ആശങ്കയായി.

ചേരി പ്രദേശത്ത് രോഗം ബാധിച്ചവരുടെ എണ്ണം ആറായി. ഇതിലൊരാള്‍ മരിച്ചിരുന്നു. ഇയാള്‍ക്ക് നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരുമായുള്ള ബന്ധം കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് എങ്ങനെ രോഗബാധയുണ്ടായി എന്നതില്‍ വ്യക്തത ഇല്ല. അതേസമയം, രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 83 ആയി. 505 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രോഗ ബാധിതരുടെ എണ്ണം 3577 ആയി.