ന്യൂഡൽഹി: ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ നിലവിലുള്ള നിയന്ത്രണങ്ങൾ ചെറിയ രീതിയിൽ നീക്കാൻ ആലോചന. ലോക്ക്ഡൗണിനുശേഷം സ്വീകരിക്കേണ്ട പദ്ധതികളെക്കുറിച്ച് കേന്ദ്രമന്ത്രിമാർക്കിടയിലും വിവിധ മന്ത്രാലയങ്ങൾ തമ്മിലും ചർച്ച നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളുടെ നിർദേശങ്ങളും ആരാഞ്ഞിട്ടുണ്ട്. ഇന്നത്തെ പൂർണ മന്ത്രിസഭാ യോഗം ഇക്കാര്യം വിലയിരുത്തും. ബുധനാഴ്ച പാർലമെന്റിലെ പ്രധാന കക്ഷിനേതാക്കളുമായി പ്രധാനമന്ത്രി നടത്തുന്ന ചർച്ചയിലെ നിർദ്ദേശങ്ങളും വിലയിരുത്തിയായിരിക്കും അന്തിമ തീരുമാനം.
പൂർണ ലോക്ക്ഡൗൺ 14നാണ് അവസാനിപ്പിക്കുക; ചില നിയന്ത്രണങ്ങൾ തുടരുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഷോപ്പിംഗ് മാളുകളും സിനിമാ ശാലകളും ഉൾപ്പെടെ ജനം കൂട്ടംകൂടുന്ന സ്ഥലങ്ങൾ അടഞ്ഞു കിടക്കണമെന്നാണ് ഒരു നിർദ്ദേശം. ട്രെയിൻ ഓടിക്കണമെന്നും വേണ്ടെന്നും അഭിപ്രായമുണ്ട്. ഓടിച്ചാൽ തന്നെ നിബന്ധനകളോടെയായിരിക്കും.
യാത്രക്കാർക്ക് മാസ്‌ക് നിർബന്ധമാക്കും. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്‌റ്റേഷനിലും മെട്രോ സ്‌റ്റേഷനിലും തെർമൽ സ്‌ക്രീനിംഗ് കർശനമാക്കും. ട്രെയിനിൽ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രയുടെ കാരണം വ്യക്തമാക്കണം എന്നിവ നിർദ്ദേശങ്ങളായി വന്നിട്ടുണ്ട്.
രാജ്യാന്തര, ആഭ്യന്തര വിമാന സർവീസുകൾ ഉടനെ പൂർണതോതിലാക്കില്ലെന്നാണ് അറിയുന്നത്.
കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷകളും പ്രവേശന നടപടികളും കഴിവതും ഓൺലൈൻ വഴിയാക്കും. സ്‌കൂളുകളും കോളേജുകളും തുറക്കുന്നതിനെക്കുറിച്ച് 14ന് തീരുമാനിക്കും. ക്ഷേത്രങ്ങളിലും മസ്ജിദുകളിലും ദേവാലയങ്ങളിലും മറ്റും പതിവു പ്രാർത്ഥനകൾക്ക് ജനം എത്തുന്നതിന് നിയന്ത്രണമുണ്ടാകും. അടിയന്തര ചടങ്ങുകൾ അനുവദിച്ചാലും പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും.
അവശ്യസാധനങ്ങൾ വിൽക്കുന്നതല്ലാത്ത കടകൾ അടച്ചിടുന്നത് തുടരുക. അതീവ ഗുരുതര ഗണത്തിലുള്ള സ്ഥലങ്ങളിൽ വ്യാപാരസ്ഥാപനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുക എന്നിവയെല്ലാം പരിഗണനയിലുണ്ട്. നിയന്ത്രിത തോതിൽ ലോക്ക് ഡൗൺ പിൻവലിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരം സംസ്ഥാനങ്ങൾ അഭിപ്രായങ്ങൾ നൽകിത്തുടങ്ങിയതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുന്നുണ്ട്. ലോക്ക്ഡൗണിനു ശേഷമുള്ള സ്ഥിതി നേരിടുന്നതിന് ധനമന്ത്രാലയം ചില നടപടികൾ പ്രഖ്യാപിച്ചേക്കും. നിലവിലെ ചില ക്ഷേമ പദ്ധതികൾ പുനഃക്രമീകരിക്കാൻ ആലോചിക്കുന്നതായി മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു