തിരുവനന്തപുരം: റിട്ട. എ.എസ്.ഐ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് നിതാന്ത ജാഗ്രതയിൽ തുടരുന്ന പോത്തൻകോട്ട് റാപ്പിഡ് ടെസ്റ്റ് ഫലങ്ങൾ നെഗറ്റീവായതോടെ നിയന്ത്രണങ്ങളിൽ നേരിയ അയവ് വരുത്തി. പച്ചക്കറികളും പലവ്യ‌ഞ്ജന സാധനങ്ങളും വിൽക്കുന്ന കടകളുടെ നിയന്ത്രണങ്ങളും നീക്കി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രവ‌ർത്തനം രാവിലെ 7 മുതൽ വൈകുന്നേരം 5 വരെയാക്കി. നിലവിൽ ഏഴ് മുതൽ ഒൻപത് വരെയായിരുന്നു സമയം.

സമയം നീട്ടിയെങ്കിലും കടകൾക്ക് മുന്നിൽ കൂട്ടം കൂടാനോ സാമൂഹ്യ അകലം അവഗണിക്കാനോ പാടില്ല. ഇക്കാര്യം കടയുടമകൾ ശ്രദ്ധിക്കണമെന്ന് വ്യാപാരികളോട് ആരോഗ്യ വകുപ്പും പൊലീസും അഭ്യർത്ഥിച്ചിട്ടുണ്ട്. ഒരുസമയം കടയിൽ ഒന്നലധികം ആളുകളെ പ്രവേശിപ്പിക്കരുതെന്നും കടയുടമകളും സാധനങ്ങൾ വാങ്ങാനെത്തുന്നവരും ഒരു മീറ്റർ അകലത്തിൽ നിന്ന് വേണം ഇടപാടുകൾ നടത്താനെന്നും ആരോഗ്യ പ്രവർത്തകർ നിർദേശിച്ചു. സാധനങ്ങൾ വാങ്ങാൻ കൂട്ടമായി പുറത്തിറങ്ങാൻ പാടില്ല. പുറത്തിറങ്ങുന്നവർ മാസ്കോ തൂവാലയോ ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം.

കടകളിൽ നിന്ന് വീട്ടിലെത്തിയാൽ ഉടൻ സോപ്പും വെള്ളമോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കണം. റാപ്പിഡ് പരിശോധനാ ഫലങ്ങൾ നെഗറ്റീവാണെങ്കിലും മരണമടഞ്ഞ അബ്ദുൾ അസീസിന് രോഗമുണ്ടയാതെങ്ങനെെന്ന് വ്യക്തമല്ലാത്ത സാഹചര്യത്തിൽ സ്ഥലത്ത് വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യ പ്രവർത്തകരും പൊലീസും അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ റാപ്പിഡ് ടെസ്റ്റിൽ 35ൽ താഴെ പരിശോധനാഫലങ്ങളാണ് അറിവാകാനുള്ളത്. അത് ഇന്ന് വൈകുന്നേരത്തോടെ വ്യക്തമാകും.

ലഭ്യമായ ഫലങ്ങളെല്ലാം നെഗറ്റീവാണെങ്കിലും രോഗ ഭീതി ഭയന്ന് സ്ഥലത്ത് കരുതൽ നടപടികളുടെ ഭാഗമായ വാഹനപരിശോധനയും നിരീക്ഷണവും തുടരുമെന്ന് പൊലീസ് അറിയിച്ചു. വാഹനങ്ങളിൽ അനാവശ്യമായി കറങ്ങാനോ കാഴ്ചകൾ കാണാനായി കൂട്ടം കൂടാനോ ആരെയും അനുവദിക്കില്ല. ഡ്രോൺ നിരീക്ഷണവും നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ച അബ്ദുൾ അസീസിനൊപ്പം ഇടപെട്ടവരെല്ലാം റാപ്പിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും അതിനായി പൊലീസിനെയോ ആരോഗ്യ വകുപ്പിനെയോ ബന്ധപ്പെടണമെന്നും പോത്തൻകോട് പൊലീസ് അറിയിച്ചു