മുംബയ്: മുംബയ് സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 150 സഹപ്രവർത്തകരും നിരീക്ഷണത്തിലാണ്. 150 ലധികം നഴ്‌സുമാരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. ആകെ 51 പേര്‍ക്കാണ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 40 പേരും മലയാളി നഴ്‌സുമാരാണ്. നേരത്തെ ആശുപത്രിയിലെ ഏഴ് നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
മറ്റ് നഴ്‌സുമാരിലും രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ 40 മലയാളി നഴ്‌സുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയില്‍ വച്ച് മരിച്ചു. ഇവരില്‍ നിന്നാകാം ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം പകര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
ആശുപത്രിയിലെ സര്‍ജന്‍ ആയ ഒരു ഡോക്ടര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ധാരാവിയില്‍ താമസിക്കുന്ന വ്യക്തിയാണ്. ആശുപത്രിയിലാകെ മുന്നൂറോളം നഴ്‌സുമാരാണ്, ഇതില്‍ 200 ലധികവും മലയാളി നഴ്‌സുമാരാണ്. ക്വാറന്റെയിനിലുള്ള നഴ്സുമാരെ കൊണ്ട് ജോലി ചെയ്യിക്കുന്നതായും ആക്ഷേപുമുണ്ട്. ആശുപത്രിയിലെ മൂന്ന് ഡോക്ടർമാരും നിരീക്ഷണത്തിലാണ്. ആശുപത്രിക്കുള്ളിലേക്ക് ആരേയും കടത്തിവിടുകയോ പുറത്തേക്ക് വിടുകയോ ചെയ്യുന്നില്ല.