പാറശാല: ഓട നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം പാറശാല ഗവ ആശുപത്രിക്ക് സമീപം റോഡ് വേനൽമഴയിൽ വിണ്ടുകീറി.കളിയിക്കാവിള- തിരുവനന്തപുരം റോഡിന്റെ ഒരുവശമാണ് ഇന്നലെ വൈകുന്നേരം വിണ്ടുകീറിയത്.
ദന്താശുപത്രി ഭാഗത്തേക്കുള്ള ഓട അടഞ്ഞതാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിന്റെ മറ്റ് ഭാഗങ്ങളിൽ ഓട ഉയർത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ റോഡ് വിണ്ടുകീറിയ ഭാഗത്ത് ഓട താഴ്ന്നാണ് കിടക്കുന്നത്. മണ്ണും മാലിന്യങ്ങളും നിറഞ്ഞ് ഓട മൂടിയതിനാൽ ഒഴുക്ക് തടസപ്പെടുകയും വെളളത്തിന്റെ മർദ്ദത്താൽ ദേശീയ പാതയുടെ മദ്ധ്യഭാഗം നാല് - അഞ്ച് മീറ്ററോളം റോഡ് വിണ്ടുകീറുകയുമായിരുന്നു. കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി അവിടെ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് റോഡിന് നടുവിൽ ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങൾ തടഞ്ഞത് കാരണം അപകടങ്ങൾ ഒഴിവായി. തുടർന്ന് ഫയർഫോഴ്സിനെ അറിയിക്കുകയും ഫയർഫോഴ്സെത്തി ഓടവൃത്തിയാക്കി വെള്ളം തുറന്ന് വിടുകയുമായിരുന്നു. റോഡ് തകർന്ന ഭാഗത്ത് ബാരിക്കേഡും റിഫ്ളക്ടറും സ്ഥാപിച്ച് പൊലീസ് അപായ സൂചന നൽകിയിട്ടുണ്ട്.