യു.എസ്: കൊവിഡ് ആഡംബര കപ്പലിനെയും പിടിച്ചുലച്ചു. 1,020 യാത്രക്കാരും 878 ജീവനക്കാരുമായി സാന്റിയാഗോയിലെ മിയാമി തീരത്ത് നിന്നും അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലേക്ക് പോയ കോറൽ പ്രിൻസസ് കപ്പലിലാണ് കൊവിഡ് കയറിപ്പറ്റിയത്. മാർച്ച് 5ന് പുറപ്പെട്ട കപ്പൽ യാത്രക്കിടയിൽ രണ്ടു യാത്രക്കാർ കൊവിഡ് ബാധിച്ച് മരിച്ചു. 12 പേർക്ക് രോഗം പിടിപെട്ടു.
മാർച്ച് 19ന് കപ്പൽ ബ്യുണസ് അയേഴ്സിൽ എത്തി. അപ്പോഴാണ് സംഗതി കുഴഞ്ഞത്. യാത്രക്കാരെ ഇറക്കാൻ അനുവദിക്കില്ലെന്ന് അർജന്റീന അധികൃതർ വ്യക്തമാക്കി. എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു. ഒടുവിൽ കപ്പൽ തിരിച്ച് വിട്ടു. ഉറുഗ്വാ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ തീരങ്ങളിൽ അടുപ്പിയ്ക്കാൻ അനുവാദം ചോദിച്ചെങ്കിലും കിട്ടിയില്ല. അങ്ങനെ മിയാമി തീരത്ത് തന്നെ തിരിച്ചെത്തുകയായിരുന്നു.
കപ്പലിലെ നിരവധി യാത്രക്കാർക്കും ജീവനക്കാർക്കും രോഗ ലക്ഷണങ്ങളുണ്ട്. മിയാമി വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ചാർട്ടഡ് വിമാനത്തിലായിരിക്കും ഇവരെ കൊണ്ടുപോവുക.