-irish-pm

ഡബ്ലിൻ: അഴിച്ചു വച്ച ഡോക്ടർ വേഷം വീണ്ടുമണിഞ്ഞ് അയർലൻഡ് പ്രധാനമന്ത്രി ലിയോ വരാദ്കർ. ഐറിഷ് പാർലമെന്റിലേക്ക് എത്തുന്നതിന് മുമ്പ് ഒരു ഹോസ്പിറ്റലിൽ ഡോക്ടറായിരുന്നു വരാദ്കർ. രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്ക് പിന്തുണയേകാനാണ് വരാദ്കറിന്റെ ഈ തീരുമാനം. ആഴ്ചയിൽ ഒരു ഷിഫ്റ്റിലായിരിക്കും വരാദ്കർ വൈദ്യസേവനത്തിനെത്തുക. ഫോണിലൂടെയും വരാദ്കർ ചികിത്സ നിർദ്ദേശിക്കും.

2013ലാണ് മെ‌ഡിക്കൽ പ്രൊഫഷൻ വരാദ്കർ ഉപേക്ഷിച്ചത്. പിന്നീട് അദ്ദേഹം അയർലന്റിന്റെ ആരോഗ്യമന്ത്രിയായിരുന്നു. മാർച്ചിൽ അദ്ദേഹം വീണ്ടും ഡോക്ടറായി രജിസ്റ്റർ ചെയ്യുകയായിരുന്നു. ആരോഗ്യ മേഖലയിൽ നിന്നും വിരമിച്ചവർ കൊവിഡ് പോരാട്ടത്തിന്റെ ഭാഗമാകാൻ തയാറാകണമെന്ന് ഐറിഷ് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് അറിയിച്ചരുന്നു.

ഇത്പ്രകാരം അമ്പതിനായിരത്തിലേറെ പേർ സന്നദ്ധതയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 41 കാരനായ വരാദ്കറുടെ പിതാവ് ഇന്ത്യൻ ഡോക്ടറും അമ്മ ഐറിഷ് നഴ്സുമായിരുന്നു. 4,994 പേർക്കാണ് അയർലൻഡിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 158 പേർക്ക് ജീവൻ നഷ്ടമായി.