മലയിൻകീഴ്: വിളവൂർക്കൽ പഞ്ചായത്തിലെ കാരാംകോട്ട് കോണം,പനങ്ങോട് വാർഡുകളിലൂടെ ഒഴുകുന്ന തോട്ടിൽ കക്കൂസ് മാലിന്യവും പശുഫാമിലെ മാലിന്യവും തള്ളുന്നതായി പരാതി. നാട്ടുകാരുടെ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതരും പൊലീസും ഫാം ഉടമ കാരംകോട്ടുകോണം സ്വദേശി മധുവിന് താക്കീത് നൽകി.മാലിന്യം പുറത്തേയ്ക്ക് ഒഴുക്കുന്ന പൈപ്പുകൾ അടപ്പിച്ചു.മാലിന്യ സംസ്‌കരണത്തിന് സംവിധാനമുണ്ടാക്കിയില്ലെങ്കിൽ പശുക്കളെ ഏറ്റെടുത്ത് മൃഗസംരക്ഷണ വകുപ്പിന് കൈമാറുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 35 പശുക്കളാണ് ഫാമിലുള്ളത്. വിളവൂർക്കൽ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിജയൻനായർ, മലയിൻകീഴ് എസ്.ഐ. സൈജു, ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.കെ അരവിന്ദ്, വി.പി വിനോദ് എന്നിവരാണ് പരിശോധന നടത്തിയത്.