ന്യൂഡൽഹി: കൊവിഡിനെതിരായ പ്രതിരോധ നടപടിയിൽ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ കൊവിഡിനെതിരെ സമഗ്രവും സമയോചിതവുമായ നടപടി എടുത്തു. ഇന്ത്യ തീരുമാനമെടുത്തതിൽ കാണിച്ച വേഗതയെ ലോകം അഭിനന്ദിക്കുന്നു. ഒറ്റക്കെട്ടായാണ് ഇന്ത്യ ഈ യുദ്ധത്തിൽ പങ്കാളിയാവുന്നത്. ലോക്ക്ഡൗണിനോട് ഇന്ത്യയിലെ ജനങ്ങൾ അസാധാരണ ക്ഷമയും സഹകരണം കാട്ടിയതായും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബി.ജെ.പിയുടെ നാൽപതാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി നേതാക്കളെയും പ്രവര്ത്തകരേയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇൗ യുദ്ധത്തിൽ നാം തളരാനോ വീഴാനോ പാടില്ല. ലോക്ഡൗണിനോട് ജനങ്ങൾ പക്വമായി പെരുമാറി. ലോകാരോഗ്യ സംഘടന പോലും ഇന്ത്യയുടെ തീരുമാനത്തെ അഭിനന്ദിച്ചു.കൊവിഡിനെതിരെ ഇന്ത്യ സമയോചിത നടപടികൾ കൈകൊണ്ടു. തുണികൊണ്ടുള്ള മുഖാവരണം എല്ലാവരും അണിയണം. പാവപ്പെട്ടവർക്ക് ബി.ജെ.പി പ്രവർത്തകർ റേഷൻ എത്തിക്കണം. പി.എം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നൽകണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഏപ്രില്‍ 14നുശേഷം ആരാധനാലയങ്ങളില്‍ പരിമിത സൗകര്യങ്ങള്‍ നല്‍കും. മതനേതാക്കളുമായി സംസാരിക്കും. ബിജെപി പ്രവര്‍ത്തകര്‍ക്ക് അഞ്ച് നിര്ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ട് വച്ചു. ദരിദ്രര്‍ക്ക് റേഷന്‍ ലഭ്യമാക്കണം, സാമൂഹിക പ്രവർത്തകർക്ക് നന്ദി പറയണം,നാട്ടുകാര്‍ ഒപ്പിട്ട കത്ത് തയ്യാറാക്കണം, ആരോഗ്യസേതു മൊബൈല്‍ ആപ് 40 പേരെക്കൊണ്ട് ഡൗണ്‍ലോഡ് ചെയ്യിക്കണം,പ്രധാനമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍ സംഭാവന എത്തിക്കണം എന്നിവയായിരുന്നു നിർദേശങ്ങൾ.