തിരുവനന്തപുരം: ജവഹർനഗർ 'ഗോവിന്ദ'ത്തിൽ ടി.എസ്. അശോക് ഇന്നലെ ഒരു ചലഞ്ച് ഏറ്റടുത്തു.'ഇന്നത്തെ ബീഫ് കറി ഞാനുണ്ടാക്കും. വേറെയാരും വേണ്ട ഹെൽപ്പ് ചെയ്യാൻ!' ഇറച്ചിയുമായി അശോകൻ അടുക്കളയിലേക്ക് പോയതിനു പിറകെ ഭാര്യ ലേഖയും മക്കളായ ഗോവിന്ദും അപർണയും പിന്നാലെ ചെന്നു. അറിയണമല്ലോ, എന്താണ് സംഭവിക്കുന്നതെന്ന്!
അച്ഛൻ ഇത്ര വാശിയോടെ ചലഞ്ച് ഏറ്റെടുക്കാൻ കാരണമുണ്ടെന്ന് ഗോവിന്ദ്. കുറച്ചു ദിവസം മുമ്പ് വീട്ടിൽ മട്ടൻ കറി വച്ചു. സംഭവം സൂപ്പറായിരുന്നു. പക്ഷെ, അശോകന് അതിന്റെ ക്രെഡിറ്റ് മൂന്നു പേരും നൽകിയില്ല. പാചകത്തിൽ നാലു പേർക്കും തുല്യ പങ്കുണ്ടെന്നായി അവർ. അതിന്റെ പരിഹാരത്തിനാണ് ഇന്നലെ അശോകൻ വീണ്ടും അടുക്കളയിൽ കയറിയത്. എന്തായാലും സംഗതി ജോറായി.
വീടിനകത്തെ സന്തോഷം
പ്രമുഖ റിയർ എസ്റ്റേറ്റ് ഗ്രൂപ്പായ ആർട്ടെക്കിന്റെ സാരഥിയാണ് ടി.എസ്. അശോക്. ലോക്ക് ഡൗൺ കാലമായതോടെ ജീവിതത്തിൽ കുറച്ചേറെ മാറ്റങ്ങൾ. ബിസിനസ് കാര്യങ്ങൾ മാത്രമായി ജീവിച്ചവർ. ഇപ്പോൾ കാലത്തിനനുസരിച്ച് മാറി. കുടുംബത്തിലേക്കു ചുരുങ്ങി. അങ്ങനെ ചുരുങ്ങുമ്പോഴും അവിടയുണ്ട്, വലിയ സന്തോഷങ്ങളെന്ന് തിരിച്ചറിയുകയും ചെയ്യുന്നു.
ലോക്ക് ഡൗൺ വരുന്നതിനു മുമ്പ് ദിവസവും രാവിലെ ആറിന് ട്രിവാൻഡ്രം ക്ലബിലേക്ക് ടെന്നീസ് കളിക്കാൻ പുറപ്പെടുമായിരുന്നു. എട്ടേകാൽ വരെ കളി. വീട്ടിലെത്തി കുളിച്ച് പ്രഭാത ഭക്ഷണം കഴിച്ച് 9.45 ആകുമ്പോഴേക്കും ആർടെക്കിന്റെ തൈക്കാട് ഓഫീസിലെത്തും. ഒന്നരയാകുമ്പോൾ ഉച്ചഭക്ഷണത്തിന് വീട്ടിലേക്ക്. വീണ്ടും ഓഫീസിലെത്തിയാൽ രാത്രി ഏഴു കഴിയും, ഇറങ്ങാൻ. . ഇതിനിടയിൽ ബിസിനിസ് മീറ്റിംഗുകൾ, യാത്രകൾ. അപ്പോഴാണ് കൊവിഡ് എത്തുന്നത്. അത് ലോക്ക് ഡൗണിൽ കൊണ്ടെത്തിച്ചു. 'പകുതി ജയിൽവാസം പോലെയായിപ്പോയി' എന്നാണ് ആദ്യം തോന്നിയതെന്ന് അശോക് പറഞ്ഞു. പിന്നെ ജീവിതം അതിനുസരിച്ച് മാറ്റി.
വൈകിയുണരും, വായന തുടങ്ങി
ഇപ്പോൾ രാവിലെ ഏഴിനേ എഴുന്നേൽക്കൂ. വീട്ടിലെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യും. പിന്നെ നീന്തൽ. മകൻ ഗോവിന്ദ് നല്ല നീന്തലുകാരനാണ്. വീട്ടിൽത്തന്നെ സ്വിമ്മിംഗ് പൂൾ. മക്കൾ രണ്ടു പേരും വീട്ടിലുണ്ട്. മരുമകൻ അഭിജിത്ത് ഐ.പി.എസ് നേടിയ ശേഷം ഹൈദരാബാദിലെ പൊലിസ് അക്കാഡമിയിൽ പരിശീലനത്തിലാണ്. ഇപ്പോൾ ഹോം തിയേറ്ററിൽ എല്ലാവരും കൂടി സിനിമ കാണും. നേരത്തെ വായനയില്ലായിരുന്നു. ഇപ്പോൾ വായന തുടങ്ങി. ഇംഗ്ലീഷ് നോവലുകളാണ് വായിക്കുന്നത്. മലയാളം നോവലുകൾ വായിക്കണമെന്നുണ്ട്. കൈയിലില്ലാതായിപ്പോയി. കുട്ടികൾ യാത്ര ചെയ്യുമ്പോൾ വാങ്ങിക്കൊണ്ടു വരുന്ന പുസ്തകങ്ങളാണ് ഇപ്പോൾ വായിക്കുന്നത്- അശോക് പറഞ്ഞു
ആർട്ടെക്കിന് രജതജൂബിലി
ആർട്ടെക്ക് തുടങ്ങിയിട്ട് 25 വർഷമായി. ലോക്ക് ഡൗണിനെയും കൊവിഡിനേയും ആശ്രയിച്ചിരിക്കും ആഘോഷപരിപാടികൾ തീരുമാനിക്കുകയെന്ന് അശോക് പറഞ്ഞു. തുടക്കം ചെറിയ വീടുകൾ നിർമ്മിച്ചായിരുന്നു. 1998 ആയപ്പോഴും റിയൽ എസ്റ്റേറ്റിൽ സജീവമായി. 2010 ലാണ് നല്ലൊരു വളർച്ചയുണ്ടായത്. ആദ്യ ഫ്ളാറ്റ് വടയക്കാട് തുടങ്ങി. ടി.കെ.ദിവാകരൻ റോഡിലാണ് വലിയ പ്രോജ്ക്ട് തുടങ്ങിയത്. അത് 11 നില കെട്ടിടമായിരുന്നു.
ഇപ്പോൾ തിരുവനന്തപുരത്തിനു പുറമെ തിരുവല്ല, കോട്ടയം, കൊല്ലം, തൃശൂർ എന്നിവിടങ്ങളിലേക്കും ആർട്ടെക് വളർന്നിരിക്കുന്നു. 5,000 കസ്റ്റമേഴ്സ് പിന്നിട്ടു. ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്നവ പൂർത്തിയാകുമ്പോൾ ഒരു കോടി ചതുരശ്ര അടി പൂർത്തിയാകും. മകൾ അപർണ കമ്പനിയുടെ എക്ലിക്യുട്ടിവ് ഡയറക്ടറാണ്. മകൻ ഗോവിന്ദ് തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗിലെ അവസാന വർഷ വിദ്യാർത്ഥി.
ജവഹർ നഗറിലെ ആദ്യത്തെ വീടാണ് അശോകിന്റേത്. അയൽക്കാർ ഇന്ത്യയാകെ അറിയുന്നവർ. ഒന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, രണ്ട് ധനമന്ത്രി ഡോ.തോമസ് ഐസക്...
.........................
യു- ട്യൂബിൽ നോക്കിയാണ് മകന് ഇഷ്ടമുള്ളതൊക്കെ പാചകം ചെയ്തു നൽകുന്നത്. നേരത്തെ ജോലിക്കാരുണ്ടായിരുന്നു. ഇപ്പോൾ എല്ലാം തനിച്ച്.
- ലേഖ
കുറെ നാളുകൾക്കു ശേഷമാണ് എല്ലാവരും കൂടി വീട്ടിലിരിക്കുന്നത്. അടുത്ത കാലത്തിറങ്ങിയ മിക്ക സിനിമയും കണ്ടു കഴിഞ്ഞു.
- ഗോവിന്ദ്
ലോക്ക് ഡൗൺ വലിയ പ്രശ്നമായി തോന്നിയില്ല. പെൻഡിംഗ് വർക്കുകൾ തീർത്തു. കുക്കിംഗ് ശ്രദ്ധിച്ചു തുടങ്ങി. അത് ഭർത്താവിന് ഇഷ്ടമാകും.
- അപർണ