raghuram-rajan

ന്യൂഡൽഹി: കൊവിഡ് 19 മഹാമാരിയെ സ്വതന്ത്രാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ അടിയന്തരാവസ്ഥയെന്ന് വിശേഷിപ്പിച്ച് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ. ബ്ളോഗിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'വലിയ ധനകമ്മിയുമായി നമ്മൾ ഇതിനകം തന്നെ പ്രതിസന്ധിയിലേക്ക് കടന്നിട്ടുണ്ട്. ഇനിയും കൂടുതൽ ചെലവഴിക്കേണ്ടി വരും. പാവപ്പെട്ടവർക്കും ശമ്പളമില്ലാത്തവരായ മദ്ധ്യവർഗത്തിനും കൂടുതൽക്കാലം ജോലി ചെയ്യാൻ കഴിയാതെ വന്നാലും അതിജീവിക്കാനാകുമെന്ന് നമ്മുടെ രാജ്യം ഉറപ്പാക്കേണ്ടതുണ്ട്.

പൊതു, എൻ.ജി.ഒ.കളുമായി ബന്ധപ്പെട്ട് ഭക്ഷണം, ആരോഗ്യം പാർപ്പിടം എന്നിവ വേഗത്തിൽ കണ്ടെത്തുന്നതിനുള്ള നടപടികൾ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കണം. 2008-09ൽ ആഗോള സാമ്പത്തിക പ്രതിസന്ധി ഉണ്ടായെങ്കിലും രാജ്യത്തെ ജനങ്ങൾക്ക് ജോലിക്ക് പോകാമായിരുന്നു.

കമ്പനികൾക്ക് വളർച്ചയുടെ വർഷങ്ങളായിരുന്നു. സാമ്പത്തിക അവസ്ഥ മികച്ചതുമായിരുന്നു. എന്നാൽ കൊവിഡിനെതിരെ പോരാടുന്ന ഈ ഘട്ടത്തിൽ ഇക്കാര്യങ്ങളൊന്നും ശരിയായ രീതിയിലല്ല. എന്നാലും നിരാശപ്പെടേണ്ടതില്ല. ശരിയായ തീരുമാനങ്ങളിലൂടെ ഇന്ത്യക്ക് വൈറസിനെ തോൽപ്പിക്കാൻ സാധിക്കും-അദ്ദേഹം പറഞ്ഞു.