തിരുവനന്തപുരം: കൊവിഡ് പ്രതിരോധ ലോക്ക് ഡൗണിന് ശേഷം കേരളം നേരിടാൻ പോകുന്ന വലിയ വെല്ലുവിളി അകത്തും പുറത്തുമുള്ള കുടിയേറ്റക്കാരുടെ പ്രശ്നമാണെന്ന് വിദഗ്ദ്ധർ. അന്യസംസ്ഥാന തൊഴിലാളികൾ ഒരു വശത്ത്.ഗൾഫടക്കം വിദേശ രാജ്യങ്ങളിൽ തൊഴിൽ തേടിപ്പോയ കേരളീയർ മറുവശത്തും, ഇവരുടെ അതിജീവനവും പ്രശ്നമാവും..
24 ലക്ഷത്തോളം മലയാളികൾ ഗൾഫ് മേഖലയിലും മറ്റുമായി പണിയെടുക്കുന്നു. സാമ്പത്തിക മാന്ദ്യവും ക്രൂഡോയിൽ വിലയിടിവുമടക്കമുള്ള പ്രശ്നങ്ങളാൽ ഗൾഫ് സമ്പദ്‌വ്യവസ്ഥ കൊവിഡ് കാലത്തിന് ശേഷം തകർച്ചയിലേക്ക് നീങ്ങുമെന്നാണ് സൂചനകൾ.. അത് ഇന്ത്യക്കാരടക്കമുള്ളവരുടെ സ്വന്തം നാടുകളിലേക്കുള്ള കൂട്ടപ്പലായനത്തിന് വഴിയൊരുക്കാം. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന അടിത്തറ
ഗൾഫ് വരുമാനമാണെന്നിരിക്കെ, സംസ്ഥാനത്തിന് ഇത് വലിയൊരാഘാതമാകും. തിരിച്ചെത്തുന്നവർക്ക് ബദൽ വരുമാനമാർഗം കണ്ടെത്തണം.
ഇത് അറുപതുകളിലേത് പോലെ, സാമൂഹ്യ അരക്ഷിതാവസ്ഥയിലേക്ക് സംസ്ഥാനത്തെ എത്തിച്ചേക്കാം.. അറുപതുകളിൽ നക്സൽപ്രസ്ഥാനം തല പൊക്കിയത് ഇത്തരം സാമൂഹ്യാവസ്ഥയിലാണ്.. പിന്നീടുണ്ടായ ഗൾഫ് ബൂം അതിനൊരു പരിധിവരെ മറുമരുന്നായെന്ന് സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റീഡിസിലെ പ്രൊഫസറും ലോക്ക് ഡൗൺ പഠിക്കാൻ സംസ്ഥാനം നിയോഗിച്ച കർമ്മസമിതിയിലെ അംഗവുമായ ഡോ. ഇരുദയരാജൻ പറയുന്നു.
നിർമ്മാണമേഖലയിൽ ആധിപത്യം
അന്യ സംസ്ഥാന തൊഴിലാളികൾക്ക്
സംസ്ഥാനത്തെ നിർമ്മാണമേഖലയ്ക്ക് പുറമേ ഹോട്ടൽ, പ്ലൈവുഡ്, സ്വർണപ്പണി തുടങ്ങി ഒട്ടുമിക്ക തൊഴിൽമേഖലകളിലും അന്യസംസ്ഥാനത്തൊഴിലാളികളുടെ ആധിപത്യമാണ്. ലോക്ക് ഡൗണിന് മുമ്പ് തന്നെ പലരും സ്വന്തം നാടുകളിലേക്ക് മടങ്ങി. ലോക്ക് ഡൗൺ കഴിഞ്ഞാലുടൻ, ഇവിടെ കുടുങ്ങിയിരിക്കുന്നവർ നാട്ടിലേക്ക് പോയേക്കാം. അവരാരും വൈറസ് ഭീതി മൂലം ഉടനൊരു തിരിച്ചുവരവിന് തയ്യാറായേക്കില്ല. വലിയ തൊഴിലാളി ക്ഷാമത്തിന് അത് വഴിവച്ചേക്കാം. അവരെ പിടിച്ചുനിറുത്താനുള്ള പദ്ധതികൾ വേണ്ടിവരും.
എണ്ണം 30 ലക്ഷം
സി.ഡി.എസിന്റെ കണക്ക് പ്രകാരം കേരളത്തിലെ അന്യസംസ്ഥാനത്തൊഴിലാളികൾ 30 ലക്ഷത്തോളം വരും. പലരും വന്നും പോയുമിരിക്കുന്നവരാണ്. തൊഴിൽ വകുപ്പിന്റെ കണക്കനുസരിച്ച് ഒരു സമയത്ത് 5 മുതൽ 10 ലക്ഷം വരെ പേരേ കേരളത്തിലുണ്ടാകൂ.
സംസ്ഥാനത്തെ 15,541 ക്യാമ്പുകളിലായി 3,02,016 അന്യസംസ്ഥാന തൊഴിലാളികളാണിപ്പോഴുള്ളത്. സർക്കാരിന്റെ ആവാസ് ഇൻഷ്വറൻസ് പദ്ധതിയിൽ ചേരാനുള്ളവരുടെ പട്ടികയനുസരിച്ച് ഇത് അഞ്ച് ലക്ഷത്തിന് മേൽ വരും.