വാഷിംഗ്ടൺ: കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 69,418. കൊവിഡ് ബാധിതരുടെ എണ്ണം 1,272,737 ആയി ഉയർന്നു. അമേരിക്കയിൽ 1,344 മരണമാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ മരണസംഖ്യ 9,616 ആയി. രോഗബാധിതരുടെ എണ്ണം മൂന്നരലക്ഷവും.
അമേരിക്കയിൽ ദിനംപ്രതി കൊവിഡ് ബാധിച്ച് മരണസംഖ്യയും രോഗബാധയും കൂടുകയാണ്. ന്യൂയോർക്കിൽ നാല് മലയാളികൾ മരിച്ചു. കൊട്ടാരക്കര കരിക്കം സ്വദേശി ഉമ്മൻ കുര്യൻ (70), ജോസഫ് തോമസ്, ഏലിയാമ്മ ജോൺ, ശില്പാ നായർ എന്നിവരാണ് മരിച്ചത്.
ഇറ്റലിക്കും സ്പെയിനും തെല്ല് ആശ്വാസം
കൊറോണ ഭീതിയിൽ അമർന്ന സ്‌പെയിനിനും ഇറ്റലിയ്ക്കും നേരിയ ആശ്വാസം. പുതിയ രോഗികളുടെ എണ്ണത്തിലും ദിനംപ്രതിയുള്ള മരണനിരക്കിലും ഇറ്റലിയിലും സ്‌പെയിനിലും കുറവ് വന്നിട്ടുണ്ട്. സ്‌പെയിനിൽ കഴിഞ്ഞ മൂന്ന് ദിവസമായി മരണനിരക്ക് കുറഞ്ഞ് വരികയാണ്.
പുതിയ രോഗികളുടെ എണ്ണവും ഞായറാഴ്ച ഏറ്റവും കുറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിലെ ഏറ്റവും താഴ്ന്ന മരണ നിരക്കാണ് ഇറ്റലിയിൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. ഇരുപത്തിനാല് മണിക്കൂറിനിടെ ഇറ്റലിയിൽ 525, സ്‌പെയിനിൽ 674 മരണങ്ങളാണുണ്ടായത്.