കിളിമാനൂർ: നിർബന്ധിത ലോക്ക് ഡൗണിൽ കുരുങ്ങി മലയാളി വീട്ടിൽ ഇരിക്കാൻ തുടങ്ങിയതോടെ കുടുംബങ്ങളിലെ വീട്ടമ്മമാരാണ് ആദ്യ ദിനങ്ങളിൽ ബുദ്ധിമുട്ടിയത്. വീട്ടിൽ നാല് പേർ ഉണ്ടങ്കിൽ നാല് പേർക്കും വ്യത്യസ്ത വിഭവങ്ങൾ ഇതായിരുന്നു രീതി. ലോക്ക് ഡൗണിൽ കുടുങ്ങി കട കമ്പോളങ്ങൾക്ക് നിയന്ത്രണം വന്നതോടെ എല്ലാവരുടെയും അഭിരുചികളിലും വ്യത്യാസം വന്നു തുടങ്ങി. ചിക്കൻ ഇല്ലെങ്കിൽ ഭക്ഷണം കഴിക്കാതിരുന്നവർ ഇപ്പോൾ ചക്കയും കൂട്ടിയാണ് കഴിക്കുന്നത്. വീട്ടമ്മമാർ പറമ്പുകളിലെ എന്തുകൊണ്ടും കറികൾ വയ്ക്കാൻ തുടങ്ങി.
ഫാസ്റ്റ് ഫുഡിൽ നിന്ന് മാറി ജീവിത തിരക്കുകൾക്കിടയിൽ പണ്ടെങ്ങോ അടുക്കളയിൽ നിന്ന് പുറത്താക്കിയ ഒത്തിരി വിഭവങ്ങളാണ് ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നത്. പഴയ തലമുറ ഇതൊക്കെ പുതുതലമുറക്ക് പറഞ്ഞു കൊടുക്കുകയും, കൗതുകത്തോടെ പുതു തലമുറ പാചക പരീക്ഷണം നടത്തുന്നതും ഇന്ന് മിക്ക വീടുകളിലെയും കാഴ്ചയാണ്.